തിരുവനന്തപുരം: ഒരു കോടി രൂപയുടെ പ്രീ റിലീസ് ബുക്കിംഗുമായി മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം എന്ന ഹൈപ്പിൽ തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻറ്റെ മാർക്കോക്ക് ഗംഭീര വരവേൽപ്പ്. സ്ഫോടനാത്മകമായ ഇൻട്രോ സീനിന് ശേഷം പതിവ് ഹനീഫ് അദേനി പാറ്റേണിൽ പതിഞ്ഞ താളത്തിൽ മുന്നേറുന്ന ചിത്രം ഇന്റർവെല്ലിന് തൊട്ട് മുൻപുള്ള ഫൈറ്റ് സീനിലാണ് പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്നത്. തകർപ്പൻ ഇന്റർവെൽ പഞ്ചിൽ അവസാനിക്കുന്ന ചിത്രം സെക്കൻഡ് ഹാഫിലേക്കുള്ള വലിയ പ്രതീക്ഷ നൽകിയാണ് ഇടവേളയിലേക്ക് പോകുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ഇടവേളക്ക് ശേഷം സിനിമാ ഭാഷയിൽ പറഞ്ഞാൽ മൊത്തത്തിൽ മലയാള സിനിമയുടെ സീൻ മാറ്റുന്ന ചിത്രം വയലൻസിനെ അതിന്റെ എല്ലാ തീവ്രതയോടും കൂടിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അവസാന ഇരുപത് മിനിറ്റ് സമാനതകളില്ലാത്ത ആവേശം നൽകി തകർപ്പൻ ക്ലൈമാക്സിൽ അവസാനിക്കുന്നുവെന്ന് ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച മാർക്കോ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തിയിട്ടുണ്ട്. ആദ്യന്തം വയലൻസ് നിറഞ്ഞ് നിൽക്കുന്നതിനാൽ ‘എ‘ സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.
‘കെജിഎഫ്’, ‘സലാർ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് മാർക്കോയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. സോണി മ്യൂസിക് ആണ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നീ പ്രധാന കേന്ദ്രങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ബുക്കിംഗ് ഏറെക്കുറെ ഫുൾ ആയിക്കഴിഞ്ഞ ചിത്രത്തിന് മറ്റ് കേന്ദ്രങ്ങളിലും അതിവേഗം സീറ്റുകൾ ഫുൾ ആകുകയാണ്. തുടക്കത്തിലെ പ്രേക്ഷക പിന്തുണ ഉടനീളം നിലനിർത്താൻ സാധിച്ചാൽ പാൻ ഇന്ത്യൻ തലത്തിൽ മലയാള സിനിമയെ വ്യത്യസ്തമായി അടയാളപ്പെടുത്താൻ ഉണ്ണി മുകുന്ദന് കഴിയും എന്ന് നിസ്സംശയം പറയാം.
‘മിഖായേൽ’ സിനിമയുടെ സ്പിൻ ഓഫ് ആയി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന മാർക്കോയിൽ ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരന്നിരിക്കുന്നു.