ന്യൂഡൽഹി: അഞ്ച് വർഷങ്ങൾക്ക് ശേഷം റിപ്പോ നിരക്കിൽ കുറവ് വരുത്തി റിസർവ് ബാങ്ക്. 0.25 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 6.50ൽ നിന്ന് 6.25 ശതമാനമായി കുറഞ്ഞു. റിപ്പോ നിരക്കുകള്‍ കുറയുന്നതോടെ ഇഎംഐ കുറയും. പുതിയ വായ്പകൾ എടുക്കുന്നവർക്ക് ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ പലിശനിരക്കുകളും കുറയും.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി ഉയർത്തി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നും റിസർവ് ബാങ്ക് പ്രത്യാശ പ്രകടിപ്പിക്കുന്നു. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ധനനയ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ആദായനികുതി ഇളവ് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം, റിപ്പോ നിരക്ക് കൂടി കുറയ്ക്കാൻ തീരുമാനിച്ചതിലൂടെ മധ്യവർഗത്തിന് സാമ്പത്തിക കാര്യങ്ങളിൽ വലിയ ആശ്വാസമാണ് ലഭിക്കാൻ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.