- ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അപേക്ഷ പരിഗണനയിൽ ; നയം വ്യക്തമാക്കി ഇന്ത്യ
- യുഎസ് ആക്രമണം ; ചബഹാർ തുറമുഖത്തെ ഷാഹിദ് ബെഹെഷ്തി ടെർമിനലിന് കേടുപാടുകളില്ലെന്ന് ഇന്ത്യ
- ചൂട് തുടരും; യെല്ലോ വാണിംഗ് നീട്ടി
- ഓസ്കർ ജേതാവ് ബ്രെൻഡ ഫ്രിക്കർ അന്തരിച്ചു
- കില്ലാർണി നാഷണൽ പാർക്കിലെ തീപിടിത്തം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
- ഗാർഡകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാകുന്നത് കാണാൻ ആഗ്രഹിക്കുന്നു; ജിം ഒ കെല്ലഗൻ
- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
ലേഖകന്‍: sreejithakvijayan
ആർഡി: പോലീസുകാരനെ വാൻകൊണ്ട് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ടാം തിയതി ആയിരുന്നു പോലീസുകാരനെ ഇയാൾ ആക്രമിച്ചത്. ആർഡിയിലെ ക്ലോൺമോർ എസ്‌റ്റേറ്റ് പരിസരത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വാൻ പാർക്ക് ചെയ്തത് കാണുകയായിരുന്നു. പരിശോധിക്കാനായി പോലീസുകാരൻ വാനിനടുത്തേക്ക് എത്തി. ഈ സമയം പ്രതി അദ്ദേഹത്തിന് നേരെ വാൻ ഓടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസുകാരന് സാരമായി പരിക്കേറ്റു. സഹപ്രവർത്തകരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
ഡബ്ലിൻ: അയർലന്റിനായുള്ള സാമ്പത്തിക പ്രവചനങ്ങൾ ഉടൻ പുറത്തിറക്കാൻ സർക്കാർ. അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ഈ പ്രവചനങ്ങൾ മന്ത്രിസഭാ യോഗത്തിലും അവതരിപ്പിക്കും. ധനമന്ത്രി പാസ്ചൽ ഡോണോഹോയും പൊതുചിലവ് മന്ത്രി ജാക്ക് ചേംബേഴ്‌സും ചേർന്നാണ് പ്രവചനങ്ങൾ പുറത്തിറക്കുക. ട്രംപിന്റെ താരിഫ് നയങ്ങൾ അയർലന്റിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താൻ ധനകാര്യവകുപ്പും, എക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും മാർച്ചിൽ പഠനം നടത്തിയിരുന്നു. ഈ റിപ്പോർട്ടിനോട് അനുബന്ധിച്ചാണ് സാമ്പത്തിക പ്രവചനങ്ങൾ പുറത്തിറക്കുന്നത്. താരിഫ് വർദ്ധനവ് രാജ്യത്തിന്റെ ജിഡിപിയെ പ്രതികൂലമായി ബാധിക്കും എന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്. ജിഡിപിയിൽ 3.2 ശതമാനത്തിന്റെ കുറവ് വന്നേക്കാം. അങ്ങനെ എങ്കിൽ രാജ്യത്തിന്റെ ജിഡിപി 1.7 ശതമാനത്തിലും താഴെയാകും. അയർലന്റ് പിരിക്കുന്ന കോർപ്പറേഷൻ നികുതിയും സാമ്പത്തിക രംഗത്തെ പിന്നോട്ട് അടിയ്ക്കും. അതേസമയം ഭാവിയിൽ ഉണ്ടായേക്കാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
ഡബ്ലിൻ: കമോഗി ഗെയിമുകളിൽ സ്‌കോർട്ട് ധരിക്കുന്നത് നിർബന്ധമാക്കിയതിൽ പ്രതികരിച്ച് ഒയിറിയാച്ച്ടാസ് സ്പോർട്സ് കമ്മിറ്റി ചെയർമാനായ ലേബർ ടിഡി അലൻ കെല്ലി. നടപടിയോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കമോഗി അസോസിയേഷൻ എത്രയും വേഗം പ്രശ്‌നം പരിഹരിക്കണം. അല്ലെങ്കിൽ സ്‌പോർട്‌സ് കമ്മിറ്റിയ്ക്ക് മുൻപാകെ നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കോർട്ട് നിർബന്ധമാക്കിയ വിഷയം വലിയ അസ്വസ്ഥതകൾ ഉളവാക്കുന്നു. പ്രശ്‌നം വേഗം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കോർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം കളിക്കാർക്ക് ആണ് നൽകേണ്ടത്. അതൊരു സാമാന്യ യുക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ലിൻ: നഗരത്തിലെ പ്രമുഖ മോളി മലോൺ പ്രതിമ നാശത്തിന്റെ വക്കിൽ. നിരന്തരമായി പ്രതിമയ്ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ സാരമായ കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുർബലമായ പ്രതിമ ഏത് സമയം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഉള്ളത്. രണ്ട് പിന്നുകൾ ഉപയോഗിച്ചാണ് പ്രതിമയെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. ഈ രണ്ട് പിന്നുകളും ദ്രവിച്ചു. ഇത് തകർന്നാൽ പ്രതിമ നിലംപൊത്തും. പിന്നുകൾ മാറ്റി സ്ഥാപിക്കണമെങ്കിൽ വലിയ കടമ്പകൾ കടക്കാനുണ്ടെന്നാണ് പരിശോധിച്ച അധികൃതർ വ്യക്തമാക്കുന്നത്. പ്രതിമയുടെ കേടുപാടുകൾ കണ്ടെത്താൻ ജനുവരിയിൽ ബുഷി പാർക്ക് അയൺവർക്കേഴ്‌സ് ഈ വർഷം ജനുവരിയിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ പരിശോധന നടത്തിയിരിക്കുന്നത്.
ഡബ്ലിൻ: കൂലോക്കിൽ കാറും സൈക്കിളും കൂടിയിടിച്ച് അപകടം. സംഭവത്തിൽ സൈക്കിൾ യാത്രികനായ 60 കാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കാർ യാത്രികനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ആർ 139 ൽ വച്ചായിരുന്നു അപകടം. സൈക്കിളിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഇതിന് ശേഷം കാർ യാത്രികർ സംഭവ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും 60 കാരൻ മരിച്ചിരുന്നു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി പോലീസ് മൃതദഹം ഡബ്ലിൻ സിറ്റി മോർച്ചറിയിലേക്ക് മാറ്റി.
ഡബ്ലിൻ: അയർലന്റിലെ ജലവിതരണത്തിന് പ്രതിസന്ധി സൃഷ്ടിച്ച് പൈപ്പുകളിലെ ചോർച്ച. ഇതേ തുടർന്ന് നല്ലൊരു ശതമാനം ജലം പാഴായി പോകുന്നുണ്ട്. ചൂട് കടുക്കുന്നതിനിടെ ജലം പാഴാകുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നാണ് വിലയിരുത്തൽ. വീടുകളിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തിൽ 37 ശതമാനവും എടുക്കുന്നത് നദികൾ, തടാകങ്ങൾ, ഭൂഗർഭ ഉറവകൾ എന്നിവയിൽ നിന്നാണ്. താപനിലയിലെ വർദ്ധനവ് ജലനിരപ്പ് കുറച്ചിട്ടുണ്ട്. ഇതിനിടെ പൈപ്പുകളിലൂടെ വെള്ളം പാഴാകുന്നത് ഭാവിയിൽ ജലക്ഷാമത്തിന് കാരണം ആയേക്കാം. നിലവിൽ ഉപയോഗിക്കുന്ന പെപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമാണ് ഉള്ളത്. ചോർച്ചയെ തുടർന്ന് ഇവയെല്ലാം മാറ്റി സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. 2030 ഓടെ മുഴുവൻ പൈപ്പുകളിലെയും ചോർച്ച ഇല്ലാതാക്കുമെന്നും ഉയിസ് ഐറാൻ അറിയിച്ചു.
കൗണ്ടി ടിപ്പററി: നീന കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരുമ 2025 നടന്നു. നീനാ സ്‌കൗട്ട് ഹാളിൽവച്ച് ആയിരുന്നു ആഘോഷപരിപാടികൾ നടന്നത്. പരിപാടിയ്ക്ക് നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികരായ ഫാ.റെക്‌സൻ ചുള്ളിക്കൽ, ഫാ.ജോഫിൻ ജോസ്, ഫാ.യാക്കൂബ്, കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കമിട്ടു. നീനകെെരളിയുടെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷപരിപാടികൾ ആണ് ഒരുമ എന്ന പേരിൽ ആഘോഷിക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു പരിപാടി. ഇതിന് ശേഷം നീനാ കൈരളിയുടെ വെബ്‌സൈറ്റ് ആയ https/nenagkairali.com ന്റെ സ്വിച്ച് ഓൺ കർമ്മവും നടന്നു. അടുത്ത വർഷത്തെ കമ്മിറ്റി അംഗങ്ങളെയും പരിപാടിയിൽ തിരഞ്ഞെടുത്തു. ജെയ്‌സൺ, ജിബിൻ, പ്രദീപ്, ടെൽസ്, ജെസ്‌ന, എയ്ഞ്ചൽ, ജിജി, വിനയ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. രാത്രി സംഘടിപ്പിച്ച ഡിന്നറോട് കൂടിയായിരുന്നു പരിപാടികൾ അവസാനിച്ചത്.
നോർത്ത് ഡബ്ലിൻ: ഫിൻഗൽസിൽ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഫിൻഗൽസിലെ ഗെന്റീസ് പാർക്കിൽ സ്‌ഫോടനം ഉണ്ടായത്. ക്രിമിനൽ സംഘങ്ങളുടെ പകയുടെ ഭാഗമായിരുന്നു ആക്രമണം എന്നാണ് പോലീസ് പറയുന്നത്. പ്രദേശത്ത് താമസിക്കുന്ന ക്രിമിനലിന്റെ വീട് ലക്ഷ്യമിട്ട് ആയിരുന്നു എതിർസംഘം ഐഇഡി ആക്രമണം നടത്തിയത്. എന്നാൽ ഇത് ലക്ഷ്യം തെറ്റി പ്രദേശവാസിയായ മറ്റൊരു കുടുംബത്തിന്റെ വീട്ടിൽ പതിയ്ക്കുകയായിരുന്നു. ഡ്രോൺ ഉപയോഗിച്ച് ആയിരുന്നു പ്രതികൾ സ്‌ഫോടനം നടത്തിയത്. സ്ഥലത്ത് എത്തിയ പോലീസും ബോംബ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളെ സ്ഥലത്ത് നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പാർപ്പിച്ചു.
ഡബ്ലിൻ: അയർലന്റിൽ ഗർഭഛിദ്രത്തിനെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ റാലി. ഗർഭഛിദ്രം നടത്തുന്ന സംഭവങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിലാണ് പ്രതിഷേധ റാലിയുമായി പുരുഷന്മാർ ഉൾപ്പെടെ എത്തിയത്. ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രതിഷേധ റാലി നടന്നത്. റാലിയ്ക്ക് ശേഷം ലിൻസ്റ്റെർ ഹൗസിൽ പ്രതിഷേധക്കാർ ഒത്തുകൂടി. 2023 ൽ രാജ്യത്ത് 10,033 ഗർഭഛിദ്രങ്ങളാണ് നടന്നത്. 2022 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 8,156 ഗർഭഛിദ്രങ്ങളാണ് അധികമായി നടന്നിട്ടുള്ളത്. 2024 ലെ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും എണ്ണം ഇനിയും വർദ്ധിച്ചിട്ടുണ്ടാകുമെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇത് തടയാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ഡബ്ലിൻ: വാടകയ്ക്ക് പകരമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് മന്ത്രിസഭ പരിഗണിക്കും. നിയമത്തിന്റെ കരട് രൂപ രേഖ ഉടൻ തയ്യാറാക്കാൻ നിയമമന്ത്രി ജിം ഒ കെല്ലഗൻ ഇന്ന് സർക്കാരിനോട് ആവശ്യപ്പെടും. വാടകയ്ക്ക് പകരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്ന വീട്ടുടമകൾക്ക് കർശന ശിക്ഷകൾ വ്യവസ്ഥചെയ്യുന്നതാണ് നിയമം. പുതിയ ക്രിമിനൽ നിയമ- സിവിൽ നിയമ ( മറ്റ് വ്യവസ്ഥകൾ) ബിൽ 2025 ന്റെ ഭാഗമായിട്ടാണ് പുതിയ നിയമം രാജ്യത്ത് കൊണ്ടുവരുന്നത്. നിയമം പാസാകുന്നതോടെ വാടകയ്ക്ക് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രീതി പൂർണമായി ഇല്ലാതാകും. വാടക നൽകാൻ കഴിയാത്തതിന്റെ പേരിൽ സ്ത്രീകളും പെൺകുട്ടികളും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. കുറ്റകൃത്യത്തിന് 5,000 യൂറോ പിഴവരെ നിയമം വ്യവസ്ഥ ചെയ്യുന്നു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
