ന്യൂഡൽഹി : അഭയം തേടിയെത്തിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അപേക്ഷ ഇപ്പോഴും പരിഗണനയിലാണെന്ന് ഇന്ത്യ . അവാമി ലീഗ് പാർട്ടി പുനരുജ്ജീവിപ്പിക്കുന്നതിനായി ഹസീന ധാക്കയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യയുടെ പ്രതികരണം.
നിയമപരമായ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ അഭ്യർത്ഥന പരിഗണിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞത് . ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം . 2024 ഓഗസ്റ്റിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് ധാക്കയിൽ നിന്ന് പലായനം ചെയ്ത ഹസീന ഇന്ത്യയിലാണ് അഭയം തേടിയത്.
കഴിഞ്ഞ നവംബറിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു 2024-ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ “മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ” നടന്നുവെന്ന് ആരോപിച്ച് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണലാണ് വധശിക്ഷ വിധിച്ചത്. അന്ന് മുതൽ ബംഗ്ലാദേശ് ഹസീനയെ കൈമാറാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
“ഞങ്ങളുടെ നേതാവിനെ തിരികെ സ്വാഗതം ചെയ്യാൻ ഞങ്ങൾ എല്ലാവരും തയ്യാറാണ്,” എന്നാണ് അവാമി ലീഗിന്റെ പബ്ലിസിറ്റി സബ് കമ്മിറ്റി അംഗമായ കാസി നസിം രൂപക് കഴിഞ്ഞ ദിവസം പറഞ്ഞത്.ഹസീനയുടെ സർക്കാരിന്റെ പതനത്തെത്തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ ഉണ്ടായി .
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വൻ വിജയത്തിന് ശേഷം താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി . ഫെബ്രുവരി 17-ന് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ചുമതലയേറ്റിരുന്നു. സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം പങ്കെടുത്തതിനെത്തുടർന്ന് ഇരുപക്ഷവും ബന്ധം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഏപ്രിലിൽ, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാൻ ഇന്ത്യ സന്ദർശിച്ചിരുന്നു . 18 മാസത്തെ നയതന്ത്ര സംഘർഷത്തിനു ശേഷം പുതിയ ബംഗ്ലാദേശ് സർക്കാരിന്റെ മുതിർന്ന അംഗത്തിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഉന്നതതല സന്ദർശനമായിരുന്നു അത്.

