ന്യൂഡൽഹി ; യുഎസ് ആക്രമണങ്ങളിൽ ചബഹാർ തുറമുഖത്തെ ഷാഹിദ് ബെഹെഷ്തി ടെർമിനലിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യ . ഈ ടെർമിനൽ ഇന്ത്യയാണ് പ്രവർത്തിപ്പിക്കുന്നത്. ഇറാനെതിരായ സൈനിക നടപടികളുടെ ഭാഗമായി ഈ ആഴ്ച ചബഹാർ തുറമുഖത്ത് ആക്രമണം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥർ സമ്മതിച്ചിരുന്നു.
ചബഹാറിന് യുഎസ് മുമ്പ് ഉപരോധ ഇളവ് അനുവദിച്ചിരുന്നുവെന്നും എന്നാൽ അത് കുറച്ചു കാലം മുമ്പ് അവസാനിച്ചുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അതിനുശേഷം, വിഷയം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിവരികയാണ്.
മിഡിൽ ഈസ്റ്റിലെ ഇന്ത്യയുടെ നിലപാടും ജയ്സ്വാൾ ആവർത്തിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനും ഇന്ത്യ ഒപ്പം നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു . പശ്ചിമേഷ്യയിലെ സ്ഥിതി ഇപ്പോഴും അസ്ഥിരമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സംഘർഷത്തിൽ ഇതുവരെ 14 ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടപ്പെട്ടു, രണ്ട് പേരെ കാണാതായി.
പശ്ചിമേഷ്യയിൽ ധാരാളം ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുകയും സാധ്യതയുള്ള ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുക എന്നതിനാണ് മന്ത്രാലയത്തിന്റെ മുൻഗണനയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പാകിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിലേയ്ക്കുള്ള ഗതാഗതം സുഗമമാക്കുന്ന മാർഗമാണ് ചബഹാർ .അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഇത് ഏറെ നിർണ്ണായകവുമാണ്.

