തിരുവനന്തപുരം: ആശയറ്റ ഒരു സമൂഹം ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ ചൂടും വെയിലും മഴയും അവഗണിച്ചു സമരം ചെയ്യുന്നത് കണ്ടിട്ടും തൊഴിലാളി സർക്കാരിന് കാണാൻ കണ്ണില്ലെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ. കൊടുക്കേണ്ടതും അതിലധികവും കേന്ദ്രം നൽകിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളുമായി മന്ത്രിമാരടക്കം ഇറങ്ങിത്തിരിക്കുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക വനിതാ ദിനത്തോടുബന്ധിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ താഴെത്തട്ടിൽ ഇറങ്ങി ജീവൻ പണയംവെച്ച് കൊവിഡ് കാലത്തടക്കം ആശാ വർക്കർമാർ സേവനം ചെയ്തത് മറക്കരുത്. ആശ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, ചുരുങ്ങിയ ശമ്പളം 15000 രൂപയാക്കുക, ഇൻസെൻ്റീവ് കാലാനുസൃതമായി പരിഷ്ക്കരിക്കുക , ഇ എസ് ഐ- ഇ പി എഫ് പരിധിയിൽ കൊണ്ടുവരുക, ഗ്രാറ്റുവിറ്റി നിയമം ബാധകമാക്കുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ ബി എം എസിന്റെ നേതൃത്വത്തിലുള്ള അഖില ഭാരതീയ ആശാ കർമ്മചാരി മഹാസംഘിൻ്റെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ചുവെന്നും ടി അനൂപ് കുമാർ പറഞ്ഞു.
‘സഖി ആദരം‘ എന്ന പേരിൽ എൻ ടി യു വനിത വിഭാഗം കേരളത്തിലെ 14 ജില്ലകളിലേയും ആയിരം ആശാവർക്കർമാരെ യോഗത്തിൽ ആദരിച്ചു. എൻ ടി യു സംസ്ഥാന വനിത വിഭാഗം ജോയിൻ്റ് കൺവീനർ സിനി കൃഷ്ണപുരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പാറംകോട് ബിജു , സംസ്ഥാന സെക്രട്ടറി എ അരുൺകുമാർ. എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി സെനറ്റ് അംഗം Dr. മിനി വേണു ഗോപാൽ, ജില്ല വനിത വിഭാഗം കൺവനർ സിനി സന്തോഷ്, ജില്ല പ്രസിഡൻ്റ് എ അഖിലേഷ്, ജനറൽ സെക്രട്ടറി അജി കുമാർ, സന്ധ്യ , രാജേഷ് , എന്നിവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി