മലപ്പുറം : കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ . കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആർത്തല പ്രദേശത്തുനിന്ന് കഴിഞ്ഞ ശനിയാഴ്ച പകർത്തിയതാണെന്ന രീതിയിലായിരുന്നു ജെറിൻ വിഡിയോ പ്രചരിപ്പിച്ചത്. ഇതോടെ ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ വലിയ ആശങ്കയിലായിരുന്നു.
ചൊവ്വാഴ്ച പ്രചരിച്ച വീഡിയോയിൽ, ആർത്തല ടീ എസ്റ്റേറ്റിന് സമീപം തന്റെ വാഹനത്തിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തി കടുവയെ കണ്ടതായി പറഞ്ഞാണ് ജെറിൻ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് .
സംഭവസ്ഥലത്ത് നിന്ന് പിന്നോട്ട് പോകാനോ വേഗത്തിൽ മാറാനോ കഴിഞ്ഞില്ലെന്നും കടുവ കാട്ടിലേക്ക് തിരികെ നീങ്ങുന്നതുവരെ കാത്തിരിക്കേണ്ടി വന്നതായും ജെറിൻ വീഡിയോയിൽ പറഞ്ഞു. എന്നാൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ജെറിൻ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പഴയ വീഡിയോയുടെ എഡിറ്റ് ചെയ്ത പതിപ്പാണെന്ന് കണ്ടെത്തി.
തുടർന്ന് നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ജി ധനിക് ലാൽ ജെറിനെതിരെ കരുവാരക്കുണ്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകി . തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളിൽ അനാവശ്യമായ ഭയവും ഉത്കണ്ഠയും സൃഷ്ടിച്ചതായും ഡിഎഫ്ഒ പറഞ്ഞു.