കൊച്ചി : സഹപാഠികളുടെ നായ്കുരണ പൊടി പ്രയോഗത്തിൽ വലഞ്ഞ് പത്താം ക്ലാസുകാരി. തെങ്ങോട് ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്കൂളിൽ സഹപാഠികൾ റാഗിംഗിനും ആക്രമണത്തിനും ഇരയാക്കിയത് . മാതാപിതാക്കൾ പോലീസിലും സ്കൂൾ അധികാരികളിലും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. സംഭവം മറച്ചുവെക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചതായും കുടുംബം ആരോപിച്ചു.
ഫെബ്രുവരി 3 ന് സ്കൂളിലെ ഐടി പ്രാക്ടിക്കൽ പരീക്ഷകൾക്കിടെയാണ് സംഭവം . സഹപാഠികളിൽ ഒരാൾ പ്ലാസ്റ്റിക് കവറിൽ പൊടി കൊണ്ടുവന്ന് പെൺകുട്ടിയ്ക്ക് നേരെ എറിഞ്ഞുവെന്നാണ് മാതാപിതാക്കൾ പറയുന്നത്.
സ്കൂൾ അധികൃതരാണ് അമ്മയെ വിളിച്ച് പെൺകുട്ടിക്ക് മാറ്റി ധരിക്കാൻ വസ്ത്രങ്ങൾ സ്കൂളിൽ കൊണ്ടുവരാൻ അറിയിച്ചത് . തുടർന്ന് സ്കൂൾ അധികൃതർ തന്നെ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ മുറിവുകളുണ്ടായി. ഇത് ദിവസങ്ങളോളം മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാക്കി.
കുട്ടിയുടെ അവസ്ഥ മോശമാണെന്ന് പറഞ്ഞിട്ടും ഫെബ്രുവരി 7 ന് ഹാജർ കുറവ് ചൂണ്ടിക്കാട്ടി ക്ലാസ് ടീച്ചർ സ്കൂളിൽ എത്താൻ നിർബന്ധിച്ചുവെന്നും മാതാപിതാക്കൾ ആരോപിച്ചു. സ്കൂളിൽ എത്തിയപ്പോൾ മറ്റൊരു വിദ്യാർത്ഥി പെൺകുട്ടിയെ കൂടുതൽ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ പറയുന്നു.
മകൾ ഇപ്പോഴും മാനസികാഘാതത്തിലാണെന്നും എറണാകുളം സർക്കാർ ആശുപത്രിയിൽ മാനസിക ചികിത്സ തേടുകയാണെന്നും അവർ പറഞ്ഞു.അതേസമയം ക്ലാസ് മുറിയിൽ വിദ്യാർഥിനികൾ എറിഞ്ഞുകളിച്ചപ്പോൾ ദേഹത്ത് വീണതാണെന്നാണ് കുട്ടി ആദ്യം നൽകിയ മൊഴിയെന്നും അതുകൊണ്ടാണ് കേസ് എടുക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.