മുംബൈ: യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ശിവം നായർ സംവിധാനം ചെയ്യുന്ന ബോളിവുഡ് പൊളിറ്റിക്കൽ ത്രില്ലർ ‘ദ് ഡിപ്ലോമാറ്റ്‘ ട്രെയിലർ പുറത്തിറങ്ങി. ജോൺ എബ്രഹാം നായകനാകുന്ന ചിത്രത്തിൽ, മുൻ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിനെ അനുസ്മരിപ്പിക്കുന്ന ശക്തമായ കഥാപാത്രമായി രേവതി എത്തുന്നു. വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുടെ റോൾ ചെയ്ത രേവതിയുടെ മറ്റൊരു മികച്ച കഥാപാത്രമാണ് ഡിപ്ലോമാറ്റിലേത്.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക്കിസ്താൻ പൗരൻ വിവാഹം ചെയ്തു എന്നാരോപിച്ച് 2017ൽ ഇന്ത്യൻ എംബസിയിൽ അഭയം തേടിയ ഡോക്ടർ ഉസ്മയെ, ശക്തമായ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യയിൽ എത്തിച്ച കഥയാണ് ‘ദ് ഡിപ്ലോമാറ്റ്‘ പറയുന്നത്. ചിത്രത്തിൽ പാകിസ്താനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ ജെ പി സിംഗിന്റെ വേഷമാണ് ജോൺ എബ്രഹാമിന്. സാദിയ ഖതീബ്, ശരീബ് ഹാഷ്മി, കുമുദ് മിശ്ര എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
സുഷമ സ്വരാജിന്റെ ജന്മവാർഷിക ദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്ത ട്രെയിലറിന് വൻ വരവേൽപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്നത്. മാർച്ച് 7നാണ് ദ് ഡിപ്ലോമാറ്റ്‘ തിയേറ്ററുകളിൽ എത്തുന്നത്.