ആന്ധ്രാപ്രദേശിൽ പക്ഷിപ്പനി ബാധിച്ച് ചത്ത കോഴികളെ മത്സ്യ തീറ്റയായി ഉപയോഗിക്കുന്നതായി റിപ്പോർട്ട് . കാക്കിനടയിൽ നിന്നുള്ള എൻജിഒ അംഗങ്ങളാണ് ഇത് സംബന്ധിച്ച വീഡിയോകൾ പുറത്തുവിട്ടത്.
സാധാരണയായി, മത്സ്യക്കുളങ്ങളിൽ കോഴിക്കടകളിൽ നിന്നുള്ള മാലിന്യം മത്സ്യ തീറ്റയായി ഉപയോഗിക്കാറുണ്ട് . എന്നാൽ ഇപ്പോൾ പക്ഷിപ്പനി ബാധിച്ച് കോഴികൾ ധാരാളം ചത്തൊടുങ്ങുന്നതിനാൽ ഈ കോഴികളെ മത്സ്യങ്ങൾക്ക് തീറ്റയായി നൽകുകയാണ് . പക്ഷിപ്പനി മൂലം ഇതിനകം തന്നെ കനത്ത നഷ്ടം നേരിടുന്ന കോഴി ഫാം ഉടമകളും, ഇത്തരത്തിൽ ചത്ത കോഴികളെ മീനുകൾക്ക് തീറ്റ നൽകാനായി കൊടുക്കുന്നുണ്ട്.
കിഴക്കൻ, പശ്ചിമ ഗോദാവരി ജില്ലകളിൽ പക്ഷിപ്പനി ബാധിച്ച് ചത്ത കോഴികളെ ജഗ്ഗംപേട്ട്, കിർലംപുടി, പ്രതിപാടു, പെദ്ദാപുരം സ്ഥലങ്ങളിലേക്ക് വാൻ മാർഗം കൊണ്ടുപോയി കുളങ്ങളിൽ മത്സ്യ തീറ്റയായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവർത്തകരും പറയുന്നു . അതേസമയം പക്ഷിപ്പനി ബാധിച്ച് ചത്ത കോഴികളെ കുളങ്ങളിലെ മത്സ്യങ്ങൾക്ക് ഭക്ഷണമായി ഉപയോഗിക്കുന്നതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട് .