ലോകത്തിലെ ഏറ്റവും വില കൂടിയ പശു ഏതാണ് ? ബ്രസീലിൽ ലേലം ചെയ്ത വിയാറ്റിന 19 FIV മാര ഇമോവീസ് എന്ന പശുവാണ് കന്നുകാലി ലോകത്തിലെ ആ വിഐപി . ഒന്നും രണ്ടുമല്ല ഏകദേശം 35 കോടിയാണ് ഈ പശുവിന്റെ വില.
‘വിയാറ്റിന-19’ അതിന്റെ ജനിതക സവിശേഷതകൾ, ശക്തമായ ശരീരഘടന, മികച്ച പ്രത്യുൽപാദനക്ഷമത എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇതിന്റെ ഭാരം 1,101 കിലോഗ്രാം ആണ്. സാധാരണ പശുക്കളെ അപേക്ഷിച്ച് ഇതിന് വളരെ ഭാരവും ബലവുമുണ്ട്. കഴിഞ്ഞ 30 വർഷങ്ങളായി ബ്രസീലിലെ മികച്ച പശു ഇനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇനമാണ് നെല്ലോർ ഇനം. ഇന്ന് ബ്രസീലിൽ 50 ലക്ഷത്തിലേറെ നെല്ലോർ പശുക്കൾ ഉണ്ടെന്നാണ് പറയുന്നത്
ക്ഷീര വ്യവസായത്തിലും ഇതിന് വലിയ ഡിമാൻഡാണ്. ലേലത്തിൽ ഏറ്റവും വിലയേറിയ പശു എന്ന നിലയിൽ ഗിന്നസ് റെക്കോർഡിലും ഇത് ഇടം നേടി. മാത്രമല്ല, ഈ പശുവിന് “മിസ് സൗത്ത് അമേരിക്ക” എന്ന പദവിയും ലഭിച്ചു.ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നുമുള്ള നാടൻ കന്നുകാലിയിനമായ ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് നെല്ലോർ ഇനമുണ്ടായത് എന്നാണ് പറയുന്നത്. എന്തായാലും 12 ലോകോത്തര ആഡംബര കാറുകൾ വാങ്ങാനുള്ള പണം നൽകിയാണ് പലരും ഈ പശുവിനെ സ്വന്തമാക്കുന്നത്.