ന്യൂഡൽഹി : ചില വെബ് സൈറ്റുകളിൽ തന്നെ കുറിച്ച് വന്ന വ്യാജവാർത്തകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ആരാധ്യ ബച്ചൻ . തുടർന്ന് ഗൂഗിൾ, ബോളിവുഡ് ടൈംസ്, മറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് കോടതി നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട്. ഐശ്വര്യയുടെയും, അഭിഷേകിന്റെയും മകളായ ആരാധ്യ നേരത്തെയും തന്നെ പറ്റിയുള്ള വാർത്തകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
കേസിൽ അടുത്ത വാദം കേൾക്കൽ മാർച്ച് 17 നാണ്. നേരത്തെ, 2023 ഏപ്രിലിൽ, ആരാധ്യ ‘ഗുരുതര രോഗിയാണെന്നും’ അത്യാസന്ന നിലയിലാണെന്നും അവകാശപ്പെടുന്ന തെറ്റായ വീഡിയോകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഗൂഗിളിനോട് ഉത്തരവിട്ടിരുന്നു.
2023-ൽ, ജസ്റ്റിസ് സി ഹരിശങ്കർ ഇത്തരം വ്യാജ വാർത്തകളെ ശക്തമായി വിമർശിച്ചു. ഓരോ കുട്ടിയും അന്തസ്സും ബഹുമാനവും അർഹിക്കുന്നുവെന്നും, പ്രായപൂർത്തിയാകാത്തവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കിടുന്നത് “നിയമത്തിൽ പൂർണ്ണമായും അസ്വീകാര്യമാണ്” എന്നും അദ്ദേഹം പറഞ്ഞു.
ഉള്ളടക്കം അപ്ലോഡ് ചെയ്തവരുടെ വിവരങ്ങൾ നൽകണമെന്നും, തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ വേഗത്തിൽ നീക്കം ചെയ്യാനും കോടതി ഗൂഗിളിനോട് ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങൾ തടയാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമപരമായ നിയമങ്ങൾ പാലിക്കാനും ഗൂഗിളിനെ ഓർമ്മിപ്പിച്ചു.”ബോളിവുഡ് ടൈം”, “ബോളി പക്കോറ”, “ബോളി സമൂസ”, “ബോളിവുഡ് ഷൈൻ” തുടങ്ങിയ യൂട്യൂബ് ചാനലുകൾക്കും കോടതി സമൻസ് അയച്ചു.