ധാക്ക : ഷെയ്ഖ് ഹസീനയുടെ പതനത്തിനു ശേഷം, ഇന്ത്യയുമായി അകന്നുനിൽക്കാനാണ് ബംഗ്ലാദേശ് പരമാവധി ശ്രമിക്കുന്നത്. മാത്രമല്ല ചൈനയുമായും , പാകിസ്ഥാനുമായും ബന്ധം ശക്തമാക്കാനും ശ്രമം തുടരുന്നു.
ഇതിനായി പലപ്പോഴും ബംഗ്ലാദേശ് ഉദ്യോഗസ്ഥർ ചൈനയുമായും പാകിസ്ഥാനുമായും വ്യത്യസ്ത വിഷയങ്ങളിൽ കൂടിക്കാഴ്ചകൾ നടത്തുകയും ഇരു രാജ്യങ്ങളും സന്ദർശിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ മേധാവി ജനറൽ ആസിഫ് മാലിക് ധാക്കയിലെത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഇൻ്റലിജൻസ് മേധാവി ബംഗ്ലാദേശ് സന്ദർശിക്കുന്നത്.
ദുബായ് വഴി ധാക്കയിലെത്തിയ മാലിക്കിനെ ഇസ്ലാമിസ്റ്റുകളുമായും പാക്കിസ്ഥാനുമായും അടുത്ത ബന്ധം പുലർത്തുന്ന ബംഗ്ലാദേശ് ആർമി ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് ഫൈസുർ റഹ്മാൻ സ്വീകരിച്ചു. ഐഎസ്ഐ മേധാവിയുടെ ഈ സന്ദർശനം ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ അതിർത്തികളിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. ഈ സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള രഹസ്യവിവരങ്ങൾ പങ്കുവെക്കുക എന്നതാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമായും വിദഗ്ധർ ഈ സന്ദർശനത്തെ കാണുന്നു. ബംഗ്ലാദേശുമായി വ്യാപാരം നടത്താൻ ഇന്ത്യയ്ക്ക് പകരമായി യൂനുസ് സർക്കാർ കാണുന്നത് പാകിസ്ഥാനെയും , ചൈനയെയുമാണ് . ഇതിനായി ചൈനയുമായും പാകിസ്ഥാനുമായും ചർച്ചകൾ നടക്കുന്നുണ്ട്.
അതിർത്തിക്കപ്പുറമുള്ള അട്ടിമറി പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കാനുള്ള രഹസ്യാന്വേഷണ ശൃംഖല സ്ഥാപിക്കുകയാണ് മാലിക്കിൻ്റെ സന്ദർശനത്തിൻ്റെ ലക്ഷ്യമെന്ന് വിദഗ്ധർ കരുതുന്നു.ഐഎസ്ഐ മേധാവിയുടെ സന്ദർശനത്തിന് മുമ്പ് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ സയ്യിദ് അസിം മുനീറും ബംഗ്ലാദേശ് ആർമി ജനറലും തമ്മിൽ കൂടിക്കാഴ്ചയും നടത്തിയിരുന്നു. കഴിഞ്ഞ വർഷം വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷമാണ് ഈ പുതിയ സൈനിക ഇടപെടൽ .