ഡബ്ലിൻ: ചൈനീസ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ടെമുവിന് താക്കീതുമായി യൂറോപ്യൻ യൂണിയൻ. വ്യാജ വിലക്കുറവുകളും ഓഫറുകളും കാണിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് താക്കീതുമായി ഇയു രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ വാണിജ്യ രീതികളിൽ മാറ്റം വരുത്താമെന്നും യൂറോപ്യൻ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കാമെന്നും ടെമു ഉറപ്പ് നൽകിയിട്ടുണ്ട്.
വ്യാജ ഡിസ്കൗണ്ടുകൾ കാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കൽ, വ്യാജ ഉത്പന്നങ്ങളുടെ റിവ്യൂകൾ, ഉപഭോക്താക്കളെ സമ്മർദ്ദത്തിലാക്കുന്ന സന്ദേശങ്ങൾ എന്നിവ ടെമുവിന്റെ സ്ഥിരം രീതികളാണ്. ഇത് പരിശോധിച്ചതിൽ വലിയ ആശങ്കയാണ് അധികൃതർക്ക് ഉണ്ടായത്. ഇതിന് പുറമേ വില, റീഫണ്ട്, ഉപഭോക്തൃ സേവനം, ഉത്പന്നങ്ങളുടെ പരിസ്ഥിതി സൗഹൃദ അവകാശ വാദങ്ങൾ എന്നിവയും പരിശോധിച്ചിരുന്നു. ഇതെല്ലാം വലിയ ആശങ്കയുളവാക്കിയതോടെയാണ് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ രംഗത്ത് എത്തിയത്.

