മധുര : തിരുപ്പുറകുണ്ഡ്രം കുന്നിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം കൊളുത്താനുള്ള അനുമതിയ്ക്കെതിരെ റിവ്യൂ ഹർജി നൽകിയ വിജയ് സർക്കാരിനെതിരെ വിമർശനം . കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒരു തവണത്തേയ്ക്ക് മാത്രം ദീപം കൊളുത്താനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത് .
ഇതിനെ ചോദ്യം ചെയ്താണ് സർക്കാർ പുനപരിശോധന ഹർജി നൽകിയത്. എന്നാൽ ഇതിനെതിരെ ബിജെപിയും,ഹിന്ദു മുന്നണി പ്രവർത്തകരും രൂക്ഷ വിമർശനവുമായി രംഗത്ത് എത്തി. ഹിന്ദു വിശ്വാസങ്ങളെ തകർക്കാനുള്ള ശ്രമമാണ് വിജയ് സർക്കാർ നടത്തുന്നതെന്നും ഹിന്ദു മുന്നണി ആരോപിക്കുന്നു.
ക്ഷേത്രത്തിലെയും, സർക്കാരിലെയും ഔദ്യോഗിക ചുമതലയുള്ള വ്യക്തികൾക്ക് മാത്രമേ ദീപം കൊളുത്തൽ ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിട്ടുള്ളൂ. പൊതുജനങ്ങൾ ഒത്തുചേരരുതെന്നും , ഘോഷയാത്രകളോ, പ്രകടനങ്ങളോ പാടില്ലെന്നും നിർദേശിച്ച് കൊണ്ട് സംസ്ഥാന സർക്കാരിന്റെ ആശങ്കകൾ ദുരീകരിക്കാനും സുപ്രീം കോടതി ശ്രമിച്ചിരുന്നു. ഇത്രയും നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കുന്നിൽ മുകളിൽ ദീപം തെളിയിക്കണമെന്ന കോടതി നിർദേശം പാലിക്കണമെന്നാണ് ബിജെപിയും ആവശ്യപ്പെടുന്നത്.
തിരുപ്പുറകുണ്ഡ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാറിന്റെ ആവശ്യം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ നിരസിച്ചതിനെത്തുടർന്നാണ് അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിലാണ് മദ്രാസ് ഹൈക്കോടതി ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയത്.
ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും ക്ഷേത്ര അധികൃതരും ക്ഷേത്രത്തിനു സമീപത്തെ ദർഗ മാനേജ്മെന്റും രംഗത്തെത്തി . ഡിഎം കെ സർക്കാരിന്റെ ഭരണകാലത്ത് കുന്നിൽ മുകളിൽ ദീപം തെളിയിക്കാൻ എത്തിയവരെ പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചതും വിവാദമായിരുന്നു. ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നത് ക്ഷേത്രത്തിന്റെ ആചാരമല്ലെന്നാണ് നിലവിൽ ടിവികെ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.ദീപം തെളിക്കുന്ന സ്ഥലം മാറ്റുന്നത് ദീർഘകാലമായി നിലനിൽക്കുന്ന ഒരു മതപരമായ ആചാരത്തെ മാറ്റുന്നതിന് തുല്യമാണെന്നും സർക്കാർ വാദിക്കുന്നു.
മാത്രമല്ല ക്ഷേത്രത്തിന് സമീപം ദർഗയുണ്ടെന്നും ഇത്തരത്തിൽ ദീപം തെളിയിക്കുന്നത് മതസൗഹാർദ്ദം തകർക്കുമെന്നും വിജയ് സർക്കാർ പറയുന്നു. തർക്കവിഷയമായ സ്ഥലത്ത് ഒരു തവണയെങ്കിലും ഇത്തരമൊരു ആചാരം നടത്തിയാൽ അത് പ്രാദേശികമായി സംഘർഷങ്ങൾക്ക് വഴി വയ്ക്കാനും , തമിഴ്നാട്ടിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നാണ് വിജയ് സർക്കാർ കോടതിയിൽ നൽകിയ റിവ്യൂ പെറ്റീഷനിൽ പറയുന്നത്.

