കൊച്ചി : ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ലാ ജയിലിൽ വഴി വിട്ട സഹായം ലഭ്യമാക്കിയ സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡി ഐ ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കർശന നടപടിയ്ക്ക് ശുപാർശ. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരിക്കുക.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്.ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബി ചെമ്മണ്ണൂരുമായി രണ്ട് മണിക്കൂറിലധികം സമയം ഇവർക്ക് ചിലവിടാൻ നൽകിയിരുന്നു. .
സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തു എന്നും ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.വഴി വിട്ട സഹായം നൽകിയതിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും കണ്ടെത്തും.