ഹൈദരാബാദ് : മെറ്റാ ഓഫീസ് അടിച്ച് തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ . യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ്മ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മെറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഹൈദരാബാദ് മെറ്റാ ഓഫീസിലെ അതിക്രമം. ഓഫീസിനുള്ളിൽ പൂച്ചട്ടികൾ വരെ തകർത്ത കോൺഗ്രസ് പ്രവർത്തകർ ഓഫീസ് പരിസരത്തും നാശനഷ്ടങ്ങളുണ്ടാക്കി.
സംസ്ഥാന പ്രസിഡന്റ് ജക്കിഡി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രതിഷേധമെന്ന പേരിൽ എത്തിയവരാണ് അക്രമം നടത്തിയത് . മെറ്റയ്ക്കും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രവർത്തകർ എത്തിയതും . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുവെന്നും പ്രവർത്തകർ ആരോപിക്കുന്നു. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതിൽ പ്രവർത്തകർ ഓഫീസിനുള്ളിൽ ഓടുന്നതും, പൂച്ചട്ടികൾ തകർക്കുന്നതും കാണാം .
അക്രമത്തിന് പിന്നാലെ എക്സിലൂടെ മെറ്റയ്ക്ക് അന്ത്യശാസനവും യൂത്ത് കോൺഗ്രസ് നൽകിയിട്ടുണ്ട്. ധൈര്യത്തോടെ നിലപാടുകൾ എടുക്കണമെന്നും തടഞ്ഞുവച്ച പോസ്റ്റുകളും, അക്കൗണ്ടുകളും മറ്റും ഏഴ് ദിവസത്തിനുള്ളിൽ പുനസ്ഥാപിക്കണമെന്നുമാണ് നിർദേശം.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കേന്ദ്രസർക്കാർ നിർദേശപ്രകാരം എത്ര ഇന്ത്യൻ അക്കൗണ്ടുകൾ തടഞ്ഞുവെന്ന വിവരം വെളിപ്പെടുത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയിലും മെറ്റയ്ക്കെതിരെ പ്രതിഷേധം നടന്നു. മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സീനത്ത് ഷബ്രിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം . അവിടെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പോസ്റ്ററും പ്രവർത്തകർ കത്തിച്ചു.

