മധുര ; തിരുപ്പുറകുണ്ഡ്രത്തിലെ കൽത്തൂണിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടെന്ന ആരോപണങ്ങൾ വ്യാജമാണെന്ന് മുൻ ബിജെപി നേതാവ് കെ അണ്ണാമലൈ .
മുൻപ് ഡിഎംകെ സർക്കാർ സ്വീകരിച്ച അതേസമീപനം തന്നെയാണ് വിജയ് സർക്കാരും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തിരുപ്പുറകുണ്ഡ്രത്തിലെ സ്തംഭത്തിൽ നവംബർ 24 ന് കാർത്തിക ദീപം തെളിയിക്കാൻ നിർദേശിക്കുന്ന സുപ്രീം കോടതി വിധി വന്നത്. ഈ ഉത്തരവ് പുന പരിശോധനഹർജി നൽകാതെ നടപ്പാക്കാൻ ടിവികെ സർക്കാർ തയ്യാറാകണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
നിലവിൽ അവിടെ ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവാദങ്ങളുമില്ല. താൻ കഴിഞ്ഞ ദിവസം മധുര സന്ദർശിച്ചതായും അവിടെ കാര്യങ്ങൾ ശാന്തമാണെന്നും അണ്ണാമലൈ പറഞ്ഞു. പ്രദേശത്തെ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്ക് ഈ ദീപം തെളിക്കുന്ന ചടങ്ങിൽ എതിർപ്പൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ ഇന്ന് സുപ്രീം കോടതി നൽകിയ വിധി ഇടക്കാല വിധിയാണെങ്കിൽ പോലും അത് നടപ്പാക്കുക. സർക്കാർ നിയോഗിക്കുന്ന സംഘം കുന്നിൻ മുകളിൽ പോയി ദീപം തെളിയിക്കണമെന്നാണ് ഉത്തരവ് , അവർ അത് ചെയ്യണം.മദ്രാസ് ഹൈക്കോടതി കഴിഞ്ഞ വർഷം തന്നെ ഈ വിഷയം തീർപ്പാക്കിയതാണ്. സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും അനുമതി നൽകി. സംസ്ഥാന സർക്കാരിന്റെ ഹർജികളും തള്ളിപ്പോയി. കഴിഞ്ഞ വർഷം ഡിഎംകെ ഭരണത്തിലിരുന്നപ്പോൾ കളിച്ച അതേ കളി തന്നെയാണ് ഇപ്പോഴത്തെ ടിവികെ സർക്കാരും കളിക്കുന്നത് . ദീപത്തൂൺ ‘ ബ്രിട്ടീഷ് കാലഘട്ടത്തിലെ സർവേ കല്ല്‘ എന്ന് വിശേഷിപ്പിച്ച് തള്ളിക്കളയാൻ ശ്രമങ്ങൾ നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

