കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ ആർ സി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ സെഷൻസ് കോടതി ജഡ്ജി . മകൻ വാഹനം കൊണ്ടു പോയത് തന്റെ അറിവോടെയല്ലെന്നും, അപകടത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ പറയുന്നത്.
മുൻ ഉത്തരവുകളുടെ പകർപ്പുകളും ഉൾപ്പെടുത്തിയാണ് മറുപടി നൽകിയിരിക്കുന്നത് . വാഹനം തന്റെ പേരിലാണെന്നും, എന്നാൽ മകൻ വാഹനമെടുത്തത് തന്റെ അറിവോടെയല്ലെന്നും ജഡ്ജി പറയുന്നു. അതുകൊണ്ട് തന്നെ ആർ സി റദ്ദാക്കുന്ന നടപടി നിയമവിരുദ്ധമാണെന്നാണ് ജഡ്ജിയുടെ മറുപടി.
ഇതിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രം നടപടികളിലേയ്ക്ക് കടക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. അതേസമയം അപകടമുണ്ടാക്കിയ 17 കാരന് ദിവസങ്ങൾക്ക് മുൻപ് കോടതി ജാമ്യം നൽകിയിരുന്നു.
ഴിഞ്ഞ മാസം 25 നാണ് ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ആഢംബര കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ചത്. എന്നാൽ സ്വാധീനമുപയോഗിച്ച് 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറക്കിയത് ഏറെ വിവാദമായിരുന്നു. സ്റ്റേഷനിൽ വച്ച് ജയബാലകൃഷ്ണന്റെ കുടുംബത്തോട് ജഡ്ജിയും മോശമായ രീതിയിൽ പെരുമാറിയതായി പരാതികൾ ഉയർന്നിരുന്നു.

