ശ്രീനഗർ ; ഭീകരവാദികളെ മാത്രമല്ല ഭീകരതയ്ക്ക് സഹായം നൽകുന്ന വിഘടനവാദ ശൃംഖലകളെയും തകർക്കണമെന്ന് ജമ്മു കശ്മീർ പൊലീസിന് നിർദേശം നൽകി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ . കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താനായി വിളിച്ചു ചേർത്ത യോഗത്തിലാണ് മനോജ് സിൻഹ പൊലീസ് ഉദ്യോഗസ്ഥർക്ക് ഈ നിർദേശം നൽകിയത്.
പ്രദേശത്ത് ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനും, വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമായി സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും ,പ്രായോഗിക കർമ്മപദ്ധതികൾ നടപ്പിലാക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. ‘ ലഹരി മുക്ത ജമ്മു കശ്മീർ ‘ പ്രചാരണം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന ജമ്മു പൊലീസിനെ അഭിനന്ദിച്ച മനോജ് സിൻഹ പരമ്പരാഗത പൊലീസ് രീതികൾക്കപ്പുറത്തേയ്ക്ക് ചിന്തിക്കാനും ആഹ്വാനം ചെയ്തു.
‘ ഭീകരവാദികളെ നിർവീര്യമാക്കുന്നതിൽ മാത്രം നമ്മുടെ ലക്ഷ്യം ഒതുങ്ങരുത്. അവർക്ക് നിലനിൽപ്പ് നൽകുന്ന ഭീകരവാദ- വിഘടനവാദ ശൃംഖലകളെയും തകർക്കണം . ദേശവിരുദ്ധ ശക്തികളുമായി ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടണം . അവ പിടിച്ചെടുക്കുന്നതിനുമായി പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കണം . ഓരോ ജില്ലയ്ക്കും പ്രത്യേകം ലക്ഷ്യങ്ങൾ മുന്നോട്ട് വയ്ക്കണം.
പൗരന്മാരുടെ പരാതികൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം . ഇതിനായി പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം ഒരുക്കണം . നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നടക്കുന്ന കൈയേറ്റങ്ങൾക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്നും ‘ മനോജ് സിൻഹ നിർദ്ദേശിച്ചു.

