കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിലേയ്ക്ക് പോയവർക്ക് ജയ് വിളികളുമായി സിപിഎം പ്രവർത്തകർ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടെ മുന്നിൽ വച്ചാണ് മുദ്രാവാക്യം വിളികളോടെ സിപിഎം അണികൾ കൊലക്കേസ് പ്രതികളെ ജയിലിലേയ്ക്ക് യാത്രയയാക്കിയത് . പ്രതികൾ തിരിച്ചും മുഷ്ടി ചുരുട്ടി അഭിവാദ്യമർപ്പിച്ചു.
‘ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ധീര സഖാക്കൾക്ക് അഭിവാദ്യങ്ങൾ , ലാൽസലാം സഖാക്കളെ , കൂടെയുണ്ട് ഞങ്ങളും, ജയിലറ കണ്ട് വിരണ്ടവരല്ല, ജയിലറ കണ്ട് വളര്ന്നവരാണേ’ എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് അണികൾ ഇവരെ യാത്രയാക്കിയത്.
കേസിൽ ഏഴ് പ്രതികൾക്കാണ് ജീവപര്യന്തം. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം വി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത് . മൂന്ന് വർഷത്തിൽ താഴെ ശിക്ഷയുള്ളവർക്ക് ജാമ്യം അനുവദിച്ചു. ഇത്തരത്തിൽ 6 പ്രതികൾക്ക് ജാമ്യം ലഭിച്ചു.
കേസിൽ 13 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 18 പേരെ വെറുതെ വിട്ടു. ഇവർക്കെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്നാണ് കോടതി വ്യക്തമാക്കിയത് . 7 പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ , സംസ്ഥാനസമിതിയംഗം ടി വി രാജേഷ്, ശ്യാംജിത്ത് എന്നിവരെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെടുന്നത് . പി ജയരാജനെയും , ടിവി രാജേഷിനെയും ആക്രമിച്ചതിന്റെ പേരിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ് . കേസിൽ ആകെ 81 സാക്ഷികളാണ് ഉണ്ടായിരുന്നത് . പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത് . പിന്നീട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹർജിയിൽ 2016 ഫെബ്രുവരിയിൽ കേസ് ഹൈക്കോടതി ഇടപെട്ട് സിബിഐയ്ക്ക് കൈമാറി. മൂന്ന് വർഷത്തിനു ശേഷം 2019 ലാണ് കുറ്റപത്രം സമർപ്പിച്ചത്.

