തിരുവനന്തപുരം ; ബിജെപി വിട്ട് പത്മജ വേണുഗോപാൽ . പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി. ബിജെപിയിൽ ചേർന്നത് ആലോചിക്കാതെയുള്ള തീരുമാനമായിരുന്നുവെന്നും, അത് തെറ്റായി പോയെന്നുമാണ് പത്മജയുടെ പ്രതികരണം . പത്മജ വീണ്ടും കോൺഗ്രസിലേയ്ക്ക് തന്നെ എത്തുമെന്നും സൂചനയുണ്ട്. പത്മജയ്ക്കൊപ്പം യുവമോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് മനു പള്ളത്തും ബിജെപിയില്‍ നിന്ന് രാജിവെച്ചു.
നേതൃത്വത്തിലെ ആരും തന്നെ കേൾക്കുന്നില്ലെന്നാണ് പദ്മജയുടെ പരാതി. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റാൽ ഭരണഘടന പദവിയടക്കമാണ് വാഗ്ദാനം ചെയ്തിരുന്നത് . എന്നാൽ തോൽവിക്ക് ശേഷം നേതൃത്വം തന്നെ അപ്പാടെ അവഗണിച്ചുവെന്നാണ് പദ്മജ പറയുന്നത്.
ആദ്യം മുകുന്ദപുരം ലോക്സഭാ മണ്ഡലം, പിന്നീറ്റ് തൃശൂർ നിയമസഭ മണ്ഡലം എന്നിങ്ങനെ രണ്ടിടങ്ങളിലും മത്സരിച്ചിട്ടും പരാജയപ്പെട്ടതോടെ തൃശൂർ ഡിസിസിയുമായി കലഹിച്ച പത്മജ ഒടുവിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രനേതൃത്വത്തിന്റെ നിർദേശത്തോടെയാണ് തൃശൂരിൽ പത്മജ സ്ഥാനാർത്ഥിയായത് . വിജയിക്കുമെന്ന് കരുതിയ സീറ്റിൽ പത്മജ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
തോല്‍വിക്ക് ശേഷം നേതൃത്വം അപ്പാടെ അവഗണിക്കുന്നു എന്നാണ് അവരുടെ പരാതി. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം പത്മജ ബിജെപി വേദികളിൽ സജീവമായിരുന്നില്ല . ഇതിനിടെ തൃശൂരിൽ നിന്നുള്ള ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിക്കുകയും ചെയ്തു. ഇതോടെയാണ് പത്മജ ബിജെപി വിടാനുള്ള തീരുമാനം ഉടൻ കൈക്കൊണ്ടതെന്നാണ് വിവരം.

