വാട്ടർഫോർഡ്: കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ വാട്ടർഫോർഡിൽ വെള്ളപ്പൊക്കം. നിരവധി വീടുകളിലും സ്ഥാപനങ്ങളിലുമാണ് വെള്ളം കയറിയത്. ഇവിടുത്തെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അഞ്ച് വീടുകളിൽ വെള്ളം കയറിയതായി വാട്ടർഫോർഡ് ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് അറിയിച്ചു. ഡൻഗർവാനിലും ബാലിൻറോഡിലും, ന്യൂടൗൺ, ട്രാമോർ റോഡ്, കിംഗ്സ്മെഡോ എന്നിവയുൾപ്പെടെ വാട്ടർഫോർഡ് നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇന്നലെ പകലോടെ പലയിടങ്ങളിലും വെള്ളം താഴ്ന്ന് തുടങ്ങിയിരുന്നു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ വാട്ടർഫോർഡിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരുന്നു. ഈ മുന്നറിയിപ്പ് കാലഹരണപ്പെട്ടു. പലയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്.

