ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം വീണ്ടും വർധിച്ചു. സെപ്തംബറിലെ കണക്കുകളാണ് ഭവന വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ 180 പേരുടെ വർധനവാണ് സെപ്തംബറിലെ ഭവന രഹിതരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് എന്നാണ് ഭവന വകുപ്പ് വ്യക്തമാക്കുന്നത്.
ഓഗസ്റ്റിൽ ഭവന രഹിതരുടെ എണ്ണം 17,885 ആയിരുന്നു. എന്നാൽ സെപ്തംബറിൽ ഇത് ഉയർന്ന് 18,065 ആയി. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഭവന രഹിതരുടെ എണ്ണം ഇത്രയേറെ വർധിക്കുന്നത്. അതേസമയം ഭവനരഹിതർക്ക് അടിയന്തിര താമസ സൗകര്യങ്ങളിൽ സൗകര്യം നൽകിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ കഴിയുന്ന മുതിർന്നവരുടെ എണ്ണം 12,168 ആണ്. 5,897 കുട്ടികളാണ വീടില്ലാത്തതിനെ തുടർന്ന് അടിയന്തിര താമസ സൗകര്യങ്ങളിൽ കഴിയുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഭവന രഹിതരായ കുട്ടികളുടെ എണ്ണത്തിൽ 659 പേരുടെ വർധനവ് ഉണ്ടായി.

