ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഈ സീസണിലെ ആദ്യ ബ്ലൂ ടങ്ക് ബാധ സ്ഥിരീകരിച്ചു. കൗണ്ടി ഡൗണിലാണ് രോഗബാധ കണ്ടെത്തിയത്. മൂന്ന് ആടുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി സ്റ്റോർമോണ്ട് കൃഷി, പരിസ്ഥിതി മന്ത്രി ആൻഡ്രൂ മുയിർ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെ ബ്രിട്ടണിലും റിപ്പബ്ലിക് അയർലൻഡിലും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ബ്ലൂടങ്ക് വൈറസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. പ്രാണികളിൽ നിന്നുമാണ് ഈ വൈറസ് മൃഗങ്ങളിലേക്ക് പടരുന്നത്. പിന്നീട് ഇത് മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പടരും. വൈറസ് ബാധ മനുഷ്യരിലേക്ക് പടരുകയില്ല എന്നത് ആശ്വാസകരമാണ്.
ബ്ലൂടങ്ക് രോഗബാധ പൊതുജനങ്ങൾക്ക് ഭീഷണിയല്ലെന്ന് മുയിർ പറഞ്ഞു. രോഗബാധ സ്ഥിരീകരിച്ചത് നിരാശാജനകമാണ്. പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കർഷകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

