കൊല്ലം ; ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. മദ്യലഹരിയിൽ കുട്ടിയെ മർദ്ദിച്ച രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ചടയമംഗലം കുരിക്കോട് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ വസ്ത്രത്തിൽ പിടിച്ച് പൊക്കിയെടുത്ത ശേഷം തൂക്കിയെടുത്ത് ഹാളിലെത്തിച്ചു. പിന്നാലെ നഗ്നനാക്കി വിറക് കഷ്ണം കൊണ്ട് തലങ്ങും വിലങ്ങും മർദ്ദിച്ചു.
മർദ്ദനത്തിന്റെയും , കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ അമ്മ ശാലിനിയും വീട്ടിൽ ഉണ്ടായിരുന്നു. ഇത്രയും നാൾ അവഗണിച്ചെങ്കിലും കഴിഞ്ഞ ദിവസം മകനെ മർദ്ദിച്ചതിൽ ശാലിനിയും രാജേഷിനെതിരെ മൊഴി നൽകി. കുട്ടിയെ രാജേഷിന് ഇഷ്ടമല്ലെന്നും, പതിവായി മർദ്ദിക്കുകയും , ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന് ശാലിനി പറഞ്ഞു. കുട്ടിയെ മർദിക്കുന്ന വിവരം മുൻപ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും നിലമേൽ പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ശാലിനിയുടെ ആദ്യഭർത്താവ് മരണപ്പെട്ടതാണ് . ആ ബന്ധത്തിലുള്ള കുട്ടിയാണ് മർദ്ദനമേറ്റ 13 കാരൻ . ശാലിനി – രാജേഷ് ദമ്പതികൾക്ക് രണ്ട് ആൺകുട്ടികളുടെ . അതിൽ മൂത്തയാൾ ഭിന്നശേഷിക്കാരനാണ്. രാജേഷ് മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ് . ശാലിനിയെയും ഉപദ്രവിക്കാറുണ്ട്. മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ കുഞ്ഞുങ്ങൾ കരയുന്നത് കേൾക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.
അതേസമയം 13 കാരന് മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മദ്യലഹരിയിലായിരുന്ന രാജേഷ് കുട്ടിയെ ആക്രമിച്ചുവെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി, ചടയമംഗലം എസ്.എച്ച്.ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മിഷൻ വിശദീകരണം തേടി.

