ഐസ്വാൾ : ദീപാവലിയ്ക്ക് മുന്നോടിയായി പടക്ക നിരോധന നിയമം നടപ്പാക്കി മിസോറാം. നിയമം ലംഘിച്ച് പടക്കം പൊട്ടിക്കാൻ ശ്രമിക്കുന്നവർക്ക് തടവ് ശിക്ഷയും പിഴയും ലഭിക്കും.സർക്കാർ ജീവനക്കാർക്ക് ആറ് മാസം വരെ തടവും, ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ . ഇതുസംബന്ധിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി കെ. സപ്ദംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2026 ലെ മിസോറാം പടക്ക നിയന്ത്രണ നിയമം ഓഗസ്റ്റിൽ സംസ്ഥാന നിയമസഭ പാസ്സാക്കി സെപ്റ്റംബറിൽ വിജ്ഞാപനം ചെയ്തതാണ്.പടക്കങ്ങളുടെയും, അനുബന്ധ വസ്തുക്കളുടെയും ഉപയോഗം, കൈവശം വയ്ക്കൽ. വിൽപ്പന എന്നിവ നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങൾക്ക് ശിക്ഷ നൽകാനും ഇത് വ്യവസ്ഥ ചെയ്യുന്നു.
മിസോറാമിൽ ഡെപ്യൂട്ടി കമ്മീഷണറുടെ മുൻകൂർ അനുമതിയില്ലാതെ പടക്കങ്ങൾ കത്തിക്കുകയോ, ഉപയോഗിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്യാൻ അനുവാദമില്ല. പുതിയ നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ ലംഘിക്കുന്നത് മൂന്ന് മാസം വരെ തടവോ, 50,000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമാണ്. കുറ്റവളി 12 വയസിൽ താഴെയുള്ള കുട്ടിയാണെങ്കിൽ പിഴ നൽകേണ്ടതും , ശിക്ഷ അനുഭവിക്കേണ്ടതും മാതാപിതാക്കളോ , രക്ഷിതാക്കളോ ആയിരിക്കും. ആവശ്യമായ ലൈസൻസില്ലാതെ പടക്കങ്ങളും ,അനുബന്ധ വസ്തുക്കളും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അത്തരം വിൽപ്പന 1884 ലെ സ്ഫോടകവസ്തു നിയമപ്രകാരം നടപടിക്ക് വിധേയമാകും. സെക്ഷൻ 5 ന്റെ ലംഘനത്തിന് രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

