ഡബ്ലിൻ: അടുത്ത ആഴ്ച നക്കുന്ന ഗാർഡകളുടെ വർക്ക് ടു റൂൾ സമര രീതിയിൽ നിന്നും വിട്ട് നിൽക്കുമെന്ന് വ്യക്തമാക്കി അസോസിയേഷൻ ഓഫ് ഗാർഡ സർജന്റ്സ് ആൻഡ് ഇൻസ്പെക്ടർസ് ( എജിഎസ്ഐ). ഇന്നലെ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ പ്രസ്താവനയിലൂടെയായിരുന്നു സംഘടന ഇക്കാര്യം അറിയിച്ചത്. വർക്ക് ടു റൂൾ രീതി പ്രഖ്യാപിക്കാനുണ്ടായ കാരണത്തെക്കുറിച്ച് തങ്ങൾക്ക് പൂർണ ബോധ്യമുണ്ടെന്നും സംഘടന വ്യക്തമാക്കി. ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷനാണ് അടുത്താഴ്ച വർക്ക് ടു റൂൾ രീതി പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ പ്രസിഡൻസി മീറ്റിംഗുകൾക്കിടെയാണ് ഇവർ വർക്ക് ടു റൂൾ പ്രഖ്യാപിച്ചത്.
ജിആർഎയെ വർക്ക് ടു റൂൾ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച നിരാശ തങ്ങൾക്ക് പൂർണമായി മനസിലാകുമെന്ന് എജിഎസ്ഐ വ്യക്തമാക്കി. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബോംബ് ഭീഷണികൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് അടുത്ത ആഴ്ചയിലെ ചുമതലകൾ കൃത്യമായി നടപ്പിലാക്കും. നിലവിലെ തർക്കം ഗാർഡ മാനേജ്മെന്റ് കൈകാര്യം ചെയ്ത രീതി വിമർശനാത്മകമാണ്. ഗാർഡ മാനേജ്മെന്റിനോടുള്ള വിശ്വാസം തകർന്നിരിക്കുകയാണെന്നും സംഘടന കൂട്ടിച്ചേർത്തു.

