തൃശൂർ ; വയോധികയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ. 1995 ലെ മാർത്ത വധക്കേസിലെ പ്രതിയും , പൊലീസ് രേഖകളിലെ രണ്ടാം സുകുമാരക്കുറുപ്പുമായ ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാർ (49) ആണ് സിറ്റി പൊലീസിന്റെ പിടിയിലായത്.
30 വർഷത്തോളമായി കോടതി ലോങ് വാറന്റ് പുറപ്പെടുവിച്ച പ്രതി 15 വർഷം ഉത്തർപ്രദേശിലെ മീററ്റിൽ താമസിച്ച ശേഷം കൊല്ലം കുണ്ടറയിലെത്തി വിവാഹം കഴിച്ച് കുടുംബസമേതം വ്യാജ വിലാസത്തിൽ കഴിയുകയായിരുന്നു. തനിച്ച് താമസിച്ചിരുന്ന തൃശൂർ കിഴക്കേക്കോട്ട സ്വദേശി മാർത്തയെ (65) ആറ് പവൻ സ്വർണ്ണത്തിന് വേണ്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ് .
1995ൽ നടന്ന സംഭവത്തിൽ കൃഷ്ണകുമാറും സുഹൃത്ത് ചാലക്കുടി സ്വദേശി പ്രസാദും ആയിരുന്നു പ്രതികൾ. ഇരുവർക്കും അന്ന് 18 വയസായിരുന്നു പ്രായം . ഇരുവരെയും പൊലീസ് പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാർ മുങ്ങി.
പേരു മാറ്റി മീററ്റിലേയ്ക്ക് മുങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.യുപിയിലെത്തി പൊലീസ് തെരച്ചിൽ നടത്തി . എന്നാൽ 15 കൊല്ലം മീററ്റിൽ താമസിച്ച കൃഷ്ണകുമാർ പിന്നീട് കേരളത്തിലേയ്ക്ക് മടങ്ങിയതായി പൊലീസ് കണ്ടെത്തി. വ്യാജവിലാസത്തിൽ കുണ്ടറയിൽ വെൽഡറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാറിനെ പൊലീസ് കൊല്ലത്ത് നിന്ന് കണ്ടെത്തി.

