കൊച്ചി : ദ്വയാർത്ഥ പരാമർശങ്ങൾ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണിറോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് 3.30 ഓടെ പുറത്ത് വരും .
ജാമ്യാപേക്ഷയിൽ വിധി കേട്ട പി വി കുഞ്ഞിക്കൃഷ്ണൻ ബോബിയ്ക്ക് ജാമ്യം അനുവദിച്ചേക്കുമെന്ന് വാക്കാൽ സൂചിപ്പിച്ചിരുന്നു. ബോബിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
ജാമ്യാപേക്ഷ പരിഗണിച്ചയുടൻ പ്രതിഭാഗം അഭിഭാഷകൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ വാസ്തവവിരുദ്ധമാണ്. കയ്യിൽ പിടിച്ചു എന്നതും ലൈംഗികാധിക്ഷേപം നടത്തി എന്നതും ശരിയല്ല. ഇപ്പോൾ തന്നെ 6 ദിവസം ജയിലിൽ കഴിഞ്ഞു. പരമാവധി മൂന്ന് വർഷം വരെ തടവ് കിട്ടുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് ഒരു ദിവസത്തെ റിമാൻഡ് പോലും ആവശ്യമില്ല തുടങ്ങിയ വാദങ്ങൾ പ്രതിഭാഗം ഉന്നയിച്ചു.
കേസിന്റെ മെറിറ്റിലേക്ക് കടന്നാൽ താൻ അതിന് എതിരാണെന്നും അതിനാൽ അക്കാര്യങ്ങൾ വിചാരണയിൽ പറഞ്ഞാൽ മതിയെന്നും കോടതി പ്രതികരിച്ചു. ഹണി റോസ് അത്ര പ്രധാനപ്പെട്ട അഭിനേത്രിയല്ല തുടങ്ങിയ കാര്യങ്ങളൊക്കെ എന്തിനാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത് എന്നും കോടതി ചോദിച്ചു. ബോബി കയ്യിൽ പിടിച്ച് കറക്കിയപ്പോൾ ഹണി റോസ് എതിര്പ്പ് പറഞ്ഞില്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദത്തിനോട്, അത് അവരുടെ മാന്യത കൊണ്ടാണെന്നാണ് കോടതി പ്രതികരിച്ചത്.
റിമാൻഡ് തുടരണമെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും അനുകൂലമായല്ല കോടതി പ്രതികരിച്ചത്. എന്തിനാണ് ഇനിയും അതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു. പൊലീസ് കസ്റ്റഡി പോലും ചോദിച്ചിട്ടില്ല. സമൂഹത്തിന് സന്ദേശം കിട്ടണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ, സമൂഹത്തിന് അത് ഇതിനകം തന്നെ മനസ്സിലായിക്കഴിഞ്ഞെന്ന് കോടതി പ്രതികരിച്ചു