പട്ന ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദിയെ അവഹേളിച്ച് എ ഐ നിർമ്മിത ഡീപ്ഫേക്ക് വീഡിയോ പുറത്തുവിട്ട സംഭവത്തിൽ ബീഹാറിലെ കോൺഗ്രസ് ഓഫീസിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ റെയ്ഡ്. ഒരു മണിക്കൂറോളം പരിശോധന നടത്തിയ പൊലീസ് ഓഫീസീൽ നോട്ടീസും പതിച്ച ശേഷമാണ് മടങ്ങിയത്.
@INCBihar എന്ന ട്വിറ്റർ പേജിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ബിജെപി നേതാവ് സങ്കേത് ഗുപ്തയാണ് ഡൽഹി പൊലീസിൽ പരാതി നൽകിയിരിക്കുന്നത് .സംഭവം അന്വേഷിക്കുന്ന ഡൽഹി പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സ്പെഷ്യൽ സെൽ ബീഹാർ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ, ട്വിറ്റർ പേജുകൾ കൈകാര്യം ചെയ്യുന്ന അമിത് കുമാർ മണ്ഡലിന് സമൻസ് അയച്ചു. ഈ മാസം 5 ന് രാവിലെ ഡൽഹി ഓഫീസിൽ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.
2025 ജൂലൈ 1 മുതൽ നവംബർ 1 വരെ കോൺഗ്രസിന്റെ ഓദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ ഉപയോഗിച്ച സിം കാർഡും മൊബൈൽ ഫോണും പരിശോധനയ്ക്കായി കൊണ്ടുവരാനും അമിത് കുമാർ മണ്ഡലിനോട് നിർദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൊബൈൽ നമ്പർ , സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ വർഷം സെപ്റ്റംബർ 10 നാണ് ഹീരാബെൻ മോദിയെ അവഹേളിക്കും വിധത്തിൽ കോൺഗ്രസ് എ ഐ വീഡിയോ പങ്ക് വച്ചത് . പ്രധാനമന്ത്രിയുടെ അന്തസിനെ കളങ്കപ്പെടുത്തുന്നത് മാത്രമല്ല ഇത് സ്ത്രീകളുടെ മുഴുവൻ അപമാനിക്കുന്നതാണെന്നും ബിജെപി വിമർശിച്ചിരുന്നു.

