പത്തനംതിട്ട : അടൂർ പൊലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ജൂലായ് മാസത്തിൽ നടന്ന ആക്രമത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത് . ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ് പങ്ക് വച്ച യൂട്യൂബർ രാജൻ ജോസഫിനെ എറണാകുള്ളത്ത് നിന്ന് അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു അതിക്രമം.
പൊലീസ് ജീപ്പ് തടഞ്ഞു നിർത്തി രാജൻ ജോസഫിനെ അക്രമിക്കാൻ ശ്രമിക്കുന്നതും, സ്റ്റേഷനിലേയ്ക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോൺഗ്രസ് നേതാവ് ഫെന്നി നൈനാനും ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകരെയും ദൃശ്യങ്ങളിൽ കാണാം.
പോലീസ് സ്റ്റേഷനുള്ളിലെ സെല്ലിനു മുന്നിൽ വെച്ച് രാജൻ ജോസഫിനോട് കോൺഗ്രസ് സംഘം തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കൃത്യമായി വ്യക്തമാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കണ്ടാൽ അറിയുന്ന 20 പേരെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത് . ശ്രീനാദേവി, ഫെന്നി എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല.

