കറാച്ചി : ബലൂചിസ്ഥാൻ പ്രവിശ്യയിലെ കലാത്തിലെ നിലവിലെ ‘ ഖാൻ ‘സുലൈമാൻ ഖാൻ ദാവൂദിന്റെ മകൻ പ്രിൻസ് മുഹമ്മദ് ഖാൻ അഹമ്മദ് സായിയെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മൂന്ന് അംഗരക്ഷകരെയും തട്ടിക്കൊണ്ടുപോയി.
തിങ്കളാഴ്ച്ച രാത്രി ഖുസ്ദാറിൽ നിന്ന് കലാത്തിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന അഹമ്മദ് സായിയുടെ വാഹനം ഹൈവേയിൽ നിന്ന് സായുധരായ ഒരു സംഘം തടഞ്ഞ് നിർത്തിയതായി ക്വറ്റ പൊലീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. അഹമ്മദ് സായിയെയും അംഗരക്ഷകരെയും അജ്ഞാതമായ ഇടത്തേയ്ക്കാണ് തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബ്രാഹുയി വിഭാഗത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ നാട്ടു രാജ്യമായ ഖാനേറ്റ് ഓഫ് കലാത്തിലെ ഭരണാധികാരികൾക്ക് നൽകിയിരുന്ന പേരാണ് ഖാൻ ഓഫ് കലാത്ത് . കലാത്തിലെ ഇപ്പോഴത്തെ ഖാൻ ആയ സുലൈമാൻ ദാവൂദ് യുകെയിലെ വെയിൽസിലാണ് താമസിക്കുന്നത് .

