ന്യൂഡൽഹി : നവംബർ 1 ന് രാം ലീല മൈതാനിയിൽ ഇൻഡിയ സഖ്യത്തിന് റാലി നടത്താൻ അനുമതി നൽകി ഡൽഹി പൊലീസ്. കർശന നിബന്ധനകളോട് കൂടിയാണ് റാലിയ്ക്ക് അനുമതി നൽകിയിരിക്കുന്നത് . തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെയാണ് ഇൻഡിയ സഖ്യത്തിന്റ് റാലി. 10 ലക്ഷം പേരെ പ്രതിഷേധറാലിയിൽ പങ്കെടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിനായി രാജ്യത്തുട നീളമുള്ള പാർട്ടി പ്രവർത്തകരെയും , അനുഭാവികളെയും എത്തിക്കാനാണ് ശ്രമം.
മൈതാനത്തിലേയ്ക്കുള്ള കവാടങ്ങൾ, വേദി, രാം ലീല മൈതാനത്തിന് സമീപത്തുള്ള പ്രദേശങ്ങൾ , ഇരിപ്പിടങ്ങൾ എന്നിങ്ങനെ പ്രധാനപ്പെട്ട ഇടങ്ങളിൽ ഹൈ ഡെഫനിഷൻ ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യണമെന്നും , അഞ്ച് സ്ക്രീനുകളുള്ള മോണിറ്ററിംഗ് സംവിധാനം , പ്രത്യേക സിസിടിവി കൺട്രോൾ റൂം എന്നിവ ഉണ്ടായിരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ഈ മാസം 25 മുതൽ അടുത്തമാസം 3 വരെ രാം ലീല മൈതാനം ഉപയോഗിക്കാനാണ് കോൺഗ്രസിന് അനുമതി ലഭിച്ചിരിക്കുന്നത് . ഭൂമിയുടെ ഉടമസ്ഥരായ അതോറിറ്റിയുടെ അനുമതി കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്. നവംബർ 1 ന് രാവിലെ 10 മുതൽ 5 വരെയാണ് റാലി നിശ്ചയിച്ചിരിക്കുന്നത്.

