തിരുവനന്തപുരം : പി എസ് സി ചെയർമാനെയും, അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്ത മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. നടപടി രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് സർക്കാർ നിയമോപദേശം തേടുന്നത് . നിയമവിദഗ്ധർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തുടർ നടപടികൾ സ്വീകരിക്കുക. പിരിച്ചു വിടൽ ശുപാർശയ്ക്കിടെ ഇന്ന് പിഎസ് സി യോഗവും ചേരും.
അതേസമയം വിഷയത്തിൽ മന്ത്രിമാർക്ക് ഭിന്നാഭിപ്രായമാണ് ഉളളത്. ഗവർണറുടെ തീരുമാനത്തെ എതിർക്കേണ്ടതില്ലെന്നാണ് കെ മുരളീധരന്റെ അഭിപ്രായം. എന്നാൽ സർക്കാരിനെ ഇരുട്ടിൽ നിർത്തിയ നീക്കം ശരിയായില്ലെന്നാണ് എ പി അനിൽ കുമാർ പറയുന്നത് . ഗവർണറുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടണമെന്നാണ് സിപിഎം നിലപാട് . ഭരണഘടനാവിരുധമായ നിലപാടാണ് അർലേക്കറുടേതെന്നും, ഇക്കാര്യത്തിൽ സർക്കാർ നയം വ്യക്തമാക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
സർക്കാരിനെ ഇരുട്ടിൽ നിർത്തിയുള്ള ഗവർണറുടെ നീക്കം അംഗീകരിക്കാൻ പാടില്ലെന്നാണ് സർക്കാരിലെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ സർക്കാർ യഥാസമയം നടപടിയെടുക്കുന്നതിൽ വീഴ്ച്ച കാട്ടിയെന്നാണ് ലോക്ഭവൻ വ്യക്തമാക്കുന്നത് . ഗവർണറുടെ അധികാര പരിധി ഏത് വരെയെന്ന ചർച്ചകൾക്ക് വരെയാണ് അർലേക്കറുടെ നടപടി വഴി വച്ചിരിക്കുന്നത്.

