ലക്നൗ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിലായിരുന്നു സംഭവം . വാഹനവ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ ഒരു ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം രാഹുൽ സുരക്ഷിതനാണെന്ന് സുരക്ഷാ സംഘം അറിയിച്ചു.
അഞ്ച് വാഹനങ്ങളും വാഹനവ്യൂഹത്തിന്റെ പിന്നുലുള്ളവയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ പാർട്ടി പ്രവർത്തകരും , സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ആംബുലൻസ് വലതു വശത്തുള്ള ഫാസ്റ്റ് ലെയ്നിൽ നിൽക്കുന്നതും മറ്റ് വാഹനങ്ങൾ മറ്റ് ലെയ്നുകളിൽ നിൽക്കുന്നതും കാണാം. കൂട്ടിയിടിയുടെ ആഘാതത്തിൽ മുൻ ഭാഗം പൂർണ്ണമായും തകർന്ന ഒരു സ്കോർപിയോ എസ് യു വി ആംബുലൻസിന് മുന്നിലായി നിർത്തിയിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇന്ന് ലക്നൗ വിമാനത്താവളത്തിൽ എത്തിയ രാഹുൽ അവിടെ നിന്ന് 135 കിലോമീറ്റർ അകലെയുള്ള സുൽത്താൻപൂരിലേയ്ക്ക് പോകുകയായിരുന്നു . ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് 35 കിലോമീറ്റർ അകലെ വച്ചാണ് അപകടം.
2018 ലെ കർണാടക തെരഞ്ഞെടുപ്പിനിടെ അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിൽ സുൽത്താൻപൂരിൽ എം പി / എം എൽ എ കോടതിയിൽ ഹാജരാകാനാണ് രാഹുൽ യുപിയിൽ എത്തിയത്.

