മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കണമെന്ന രീതിയിൽ കമന്റ് ചെയ്ത 33 കാരൻ മുഹമ്മദ് ഹസൻ അബു സർമദ് അക്തറിനെ മഹാരാഷ്ട്ര എ ടി എസ് അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി മുഹമ്മദ് ഹസന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ച് വർഗീയ സംഘർഷം സൃഷ്ടിക്കാൻ മുഹമ്മദ് ഹസന് ശ്രമിച്ചിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്, മുംബൈയിലെ മാഹിം മെട്രോ സ്റ്റേഷന് സമീപത്തുനിന്നാണ് എടിഎസിന്റെ കാലാചൗക്കി യൂണിറ്റ് ഇയാളെ പിടികൂടിയത്.
‘റാപിഡോ’ റൈഡറായി ജോലി ചെയ്യുന്നതിനിടയിലും സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്നതിനിടയിലും, സോഷ്യൽ മീഡിയ വഴി തീവ്രവാദപരവും ദേശവിരുദ്ധവുമായ ഉള്ളടക്കങ്ങൾ അക്തർ പ്രചരിപ്പിച്ചിരുന്നതായി എടിഎസ് അറിയിച്ചു.
പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . ‘ഇന്ത്യൻ മുസ്ലിം’ എന്ന പേരിൽ മുഹമ്മദ് ഹസൻ ടെലിഗ്രാം ചാനൽ നടത്തിയിരുന്നു. അയോധ്യയിലെ തർക്കമന്ദിരവുമായി ബന്ധപ്പെട്ട്, ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ നടത്തിയ പ്രസംഗങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ മുഹമ്മദ് ഹസൻ ഈ ചാനലിലൂടെ പ്രചരിപ്പിച്ചിരുന്നു.
കൂടാതെ, പാകിസ്ഥാൻ പിന്തുണയ്ക്കുന്ന ‘ഇബ്ൻ-ഇ-ഖാസിം’ എന്ന തീവ്രവാദ ടെലിഗ്രാം ചാനലിലെ സജീവ അംഗവുമായിരുന്നു ഇയാൾ. അക്രമത്തിന് പ്രേരിപ്പിക്കുകയും ജിഹാദിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന തീവ്രവാദപരമായ പരാമർശങ്ങൾ മുഹമ്മദ് ഹസൻ എക്സ് , ഇൻസ്റ്റാഗ്രാം പേജുകളിൽ പതിവായി പങ്കുവെച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിന് മുന്നോടിയായുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള വാർത്തയ്ക്ക് താഴെ, “ഇന്ദിരാഗാന്ധിയോട് ചെയ്തതുപോലെ പ്രധാനമന്ത്രി മോദിയോടും എന്തെങ്കിലും ചെയ്യണമായിരുന്നു” എന്ന് മുഹമ്മദ് ഹസൻ കമന്റ് ചെയ്തിരുന്നു. ഇത് പ്രധാനമന്ത്രിയെ വധിക്കണമെന്ന സൂചന നൽകുന്നതായിരുന്നു.
മുഹമ്മദ് ഹസന്റെ ‘റെഡ്മി നോട്ട് 14 പ്രോ’ സ്മാർട്ട്ഫോൺ അധികൃതർ പിടിച്ചെടുത്തു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തീവ്രവാദപരമായ പോസ്റ്റുകളുടെ 39 സ്ക്രീൻഷോട്ടുകളും അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 196(1) പ്രകാരമാണ് ഹസനെതിരെ കേസെടുത്തിരിക്കുന്നത്.

