കണ്ണൂര് : ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും, സിപിഎം നേതാവുമായ പി പി ദിവ്യയുടെ സഹോദരനും, ഡ്രൈവർക്കും പണം അയച്ചതായി വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകൾ പുറത്ത് . കാർട്ടൺ ഇന്ത്യ അലയൻസ് എം ഡി മുഹമ്മദ് ആസിഫിന്റെ പേരിലുള്ള ശബ്ദസന്ദേശവും, സ്ക്രീൻ ഷോട്ടുകളുമാണ് പുറത്ത് വന്നിരിക്കുന്നത് .കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ ഭാരവാഹികളായ സിപിഎം നേതാക്കൾക്ക് പണം നൽകിയെന്നാണ് ആരോപണം .
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ഷാജറിനും പണം നൽകിയെന്ന് സ്ക്രീൻ ഷോട്ടിൽ പറയുന്നു. മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെയും ,മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റെയും പേരും ഷാനവാസിന് മൂന്ന് ലക്ഷം രൂപ നൽകണമെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഷാനവാസ് പാദൂർ പണം ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നുവെന്നും സന്ദേശത്തിൽ പറയുന്നു. ബേബി ബാലകൃഷ്ണന്റെ മകന്റെ അക്കൗണ്ടിലേയ്ക്ക് പണം ഇട്ടതായി യുപിഐ ഇടപാടിന്റെ സ്ക്രീൻ ഷോട്ടും പുറത്ത് വന്നു.
എന്നാൽ പുറത്ത് വന്ന സ്ക്രീൻ ഷോട്ടുകളും, ശബ്ദസന്ദേശങ്ങളും തെറ്റാണെന്ന് സിപിഎം നേതാക്കളും പി പി ദിവ്യയുടെ സഹോദരനും പ്രതികരിച്ചു. ശബ്ദം തന്റേതല്ലെന്ന് മുഹമ്മദ് ആസിഫും പറഞ്ഞു. ഇതിനിടെ താൻ പി പി ദിവ്യയുടെ ബിനാമിയാണെന്ന ആരോപണത്തിൽ കെഎസ്യു നേതാവ് പി മുഹമ്മദ് ഷമ്മാസിനെതിരെ മുഹമ്മദ് ആസിഫ് മുഖ്യമന്ത്രിക്ക് പരാതി നല്കി.

