മുംബൈ ; ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിനു നേരെ ആക്രമണമുണ്ടായതിന് പിന്നാലെ, സൂപ്പർതാരം സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു. ബാന്ദ്രയിലുള്ള അദ്ദേഹത്തിന്റെ വസതിയായ ‘ഗാലക്സി അപ്പാർട്ട്മെന്റ്സി’ന് പുറത്ത് കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വീടിന് പുറത്ത് സുരക്ഷ ശക്തമാക്കിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നിലവിൽ മുംബൈ പോലീസും കമാൻഡോകളും അടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നത്. കൂടാതെ, ആധുനിക ആയുധങ്ങളായ ‘എംപി5 എസ്ഡി6’ സബ് മെഷീൻ ഗണ്ണുകൾ കൈവശമുള്ള സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിലുണ്ട്.അടുത്തിടെ, വലിയ സുരക്ഷാ സംഘത്തോടൊപ്പം സൽമാൻ ഖാൻ സ്വകാര്യ വിമാനത്താവളത്തിൽ എത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരോടോ ഫോട്ടോഗ്രാഫർമാരോടോ സംസാരിക്കാൻ നിൽക്കാതെ, വാഹനത്തിൽ നിന്നിറങ്ങിയ ഉടൻ അദ്ദേഹം വിമാനത്താവളത്തിനുള്ളിലേക്ക് പോകുകയായിരുന്നു.ഒക്ടോബർ 18-ന് ജുഹുവിൽ, പുഷ്പ പാർക്കിന് സമീപത്ത് വച്ചായിരുന്നു ടൈഗർ ഷ്രോഫിന് നേരെയുണ്ടായ ആക്രമണം . ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ ടൈഗർ മുൻസീറ്റിലായിരുന്നു ഇരുന്നത്. യാത്രയ്ക്കിടെ, മോട്ടോർ സൈക്കിളിലെത്തിയ മൂന്നുപേരിൽ രണ്ടുപേർ അദ്ദേഹത്തിന്റെ കാറിനു നേരെ വെടിയുതിർത്തു. ലോറസ്ൻ ബിഷ്ണോയി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

