കോട്ടയം ; പതിമൂന്നാം മൈലിൽ സ്വകാര്യ ബസും , സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവതികൾ മരിച്ചു. പാമ്പാടി ഫാ. കുര്യാക്കോസ് കടവുഭാഗത്തിന്റെ മകൾ കൃപ മെറീൻ കുര്യൻ (25), മീനടം വട്ടക്കാവുങ്കൽ വീട്ടിൽ തോമസിന്റെ മകൾ ആഷ്ലി ആൻ തോമസ് (22) എന്നിവരാണ് മരിച്ചത്. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു യുവതികൾ. കട്ടപ്പനയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ബസ്. സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെ കോത്തല 13 മൈൽ ജംക്ഷനു സമീപമാണ് അപകടമുണ്ടായത്. ആഷ്ലിയുടെ വാഹനത്തിലാണ് ഇരുവരും സഞ്ചരിച്ചത്. റോഡരികിൽ നിന്നിരുന്ന വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാനായി മുൻപേ പോയ കാർ ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബസിനടിയിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു . ഓസ്ട്രേലിയയിൽ എംഎസ് ഡബ്ല്യു പഠനം കഴിഞ്ഞ് നാട്ടിലെത്തിയതാണ് കൃപ. ആഷ്ലി ബെംഗളൂരുവിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഇരുവരും സ്കൂളിൽ സഹപാഠികൾ ആയിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്കാരം പിന്നീട്.

