ന്യൂഡൽഹി : ഡൽഹിയിലെ പിതംപുരയിൽ നടന്ന ദസറ ആഘോഷങ്ങൾക്കിടെ, രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും അഗ്നിക്കിരയാക്കി ബിജെപി നേതാവ് കപിൽ മിശ്ര . നേതാജി സുഭാഷ് പ്ലേസിലെ ഡിഡിഎ ഗ്രൗണ്ടിൽ ‘ശ്രീ കേശവ് രാംലീല കമ്മിറ്റി’യാണ് ഈ കോലം കത്തിച്ചത്. ബിജെപി എംഎൽഎ അശോക് ഗോയൽ ദേവരാഹയാണ് ഈ കമ്മിറ്റിയുടെ പ്രസിഡന്റ്.
പാറ്റ എന്നത് അഴുക്കിനെയും വൃത്തിഹീനമായ സാഹചര്യങ്ങളെയും സൂചിപ്പിക്കുന്നുവെന്നും, ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും പാറ്റകൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് അത് കത്തിച്ചതെന്നും സംഘാടകർ വ്യക്തമാക്കി. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും അവർ പറഞ്ഞു .
പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത കപിൽ മിശ്ര പാറ്റയെ അഴുക്കിന്റെയും അരാജകത്വത്തിന്റെയും പ്രതീകമായാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ രംഗത്തെ ചിതലുകൾക്ക് ഈ കോലം കത്തിച്ചത് അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയിൽ ഫ്രാൻസിലേതുപോലെയുള്ള സാഹചര്യം സൃഷ്ടിക്കാൻ കഴിയുമെന്ന് കരുതുന്ന നക്സലൈറ്റുകൾ, ജിഹാദികൾ, അഴിമതിക്കാർ എന്നിവരുടെ കൂട്ടുകെട്ട് ഭാരതത്തിനെതിരെ നടത്തുന്ന ഗൂഢാലോചനകളുടെ പ്രതീകമായാണ് പാറ്റയുടെ കോലം കത്തിച്ചത്. ജനങ്ങൾ അത് ആഘോഷിച്ചു. പാറ്റയുടെ കോലമാണ് കത്തുന്നതെങ്കിലും, വേദന അനുഭവിക്കുന്നത് ‘ചിതലുകൾ’ക്കാണ്,” കപിൽ മിശ്ര പറഞ്ഞു.
അതേസമയം ഹിന്ദു മതപരമായ ആചാരങ്ങളെ മനഃപൂർവ്വം മാറ്റുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് കപിൽ മിശ്ര, ഗോയൽ ദേവരാഹ, മറ്റ് സംഘാടകർ എന്നിവർക്കെതിരെ ലഫ്റ്റനന്റ് ഗവർണർക്കും പോലീസ് കമ്മീഷണർക്കും ആം ആദ്മി പാർട്ടി പരാതി നൽകി .

