കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലമായ വടക്കൻ പറവൂരിലെ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതി പിടിയിൽ. കൈതാരം സ്വദേശിയായ വിഷ്ണുവിനെ പൂനെയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത് . സംഭവം നടന്നതിന് പിന്നാലെ ഇയാൾ കേരളത്തിൽ നിന്ന് കടന്നുകളയുകയായിരുന്നു.
രാത്രിയിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസ് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ നേരത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ മാസം കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽ നിന്നാണ് ഇയാൾ ഫ്യൂസ് ഊരിയത് . ഇതിനെത്തുടർന്ന് കെ.എസ്.ഇ.ബി എഴിക്കര സെക്ഷൻ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിനുപുറമെ, പറവൂർ സെക്ഷന് കീഴിലുള്ള പെരുമ്പടന്ന എത്തിയോടം, എഴിക്കര സെക്ഷന് കീഴിലുള്ള ചക്കത്തറ, അവുത്തി എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകളിലും സമാനമായ രീതിയിൽ ഫ്യൂസ് നീക്കം ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ സംഭവങ്ങളെത്തുടർന്ന് ബന്ധപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
ഈ സംഭവങ്ങൾ രാഷ്ട്രീയ ആരോപണങ്ങൾക്കും വഴിവെച്ചു. വിഷ്ണുവിന് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് സി.പി.എം ആരോപിച്ചപ്പോൾ, മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വൈദ്യുതി വിതരണം തടസ്സപ്പെടുത്താൻ സി.പി.എം ശ്രമിച്ചുവെന്ന് കോൺഗ്രസും ആരോപിച്ചു.എന്നാൽ, പ്രതിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും, നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സാമൂഹ്യവിരുദ്ധമായ മനോഭാവമാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചതെന്നും പോലീസ് അറിയിച്ചു.

