മുംബൈ : രാജ്യത്തുടനീളം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രികൾ തുടങ്ങാൻ ടാറ്റാ ട്രസ്റ്റ്. ചികിത്സാച്ചെലവ് വഹിക്കാൻ ശേഷിയുള്ള രോഗികളിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് സാമ്പത്തിക ശേഷിയില്ലാത്തവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.ഇത്തരത്തിൽ 50 ആശുപത്രികൾ നിർമ്മിക്കാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്.
2026 മാർച്ച് വരെ 1,556.31 കോടി രൂപയാണ് ട്രസ്റ്റ് ജീവകാര്യണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചതെന്ന് ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, 2025-26 വർഷത്തെ വാർഷിക റിപ്പോർട്ടിൽ അറിയിച്ചു. സ്ഥാപനങ്ങൾക്കുള്ള സഹായധനമായും നേരിട്ടുള്ള പദ്ധതിച്ചെലവുകളായും 1,353.32 കോടി രൂപയും, വ്യക്തിഗത സഹായധനമായി 202.99 കോടി രൂപയും വിനിയോഗിച്ചു. ഗ്രാമീണ മേഖലയുടെ ഉന്നമനത്തിനാണ് ഏറ്റവും വലിയ തുകയായ 457.62 കോടി രൂപ ചെലവഴിച്ചത്.
അതേസമയം വിഭാവനം ചെയ്തിരിക്കുന്ന ഈ ആശുപത്രികൾക്കായി എത്ര തുക നിക്ഷേപിക്കുമെന്നോ, അവ എവിടെയൊക്കെ സ്ഥാപിക്കുമെന്നോ, ഇതിനായുള്ള സമയക്രമം എങ്ങനെയാണെന്നോ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് വിലയിരുത്തപ്പെടണമെന്നും, “സ്ഥിരനിലനിൽപ്പുള്ള പൊതു ആസ്തികളായി” മാറുന്ന സ്ഥാപനങ്ങളും മാതൃകകളും സൃഷ്ടിക്കാൻ ട്രസ്റ്റ് ആഗ്രഹിക്കുന്നുവെന്നും നോയൽ ടാറ്റ തന്റെ സന്ദേശത്തിൽ പറഞ്ഞു.
എത്ര ആളുകളിലേക്ക് എത്തിച്ചേർന്നു എന്നോ എത്ര പണം ചെലവഴിച്ചു എന്നോ മാത്രം വെച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളെ, അളക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

