തിരുവനന്തപുരം : കോവളത്തെ സ്പായിൽ പതിനാറുകാരിയായ പെൺകുട്ടിയെ, ബന്ധുക്കൾ ചേർന്ന് വിറ്റതായി ആരോപണം. ആന്ധ്രാപ്രദേശ് സ്വദേശിയായ പെൺകുട്ടി, കോവളത്തെ പത്തോളം വ്യത്യസ്ത സ്പാകളിൽ ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി സജിത്ത്, പൂവാർ സ്വദേശി നിഷാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്പായിൽ വെച്ച് പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ പെൺകുട്ടി, അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മാതാപിതാക്കൾ മരിച്ചുപോയതിനാൽ, ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു കുട്ടി . ജൂലൈ മാസത്തിൽ ഇവർ പെൺകുട്ടിയെ കോവളത്തെത്തിക്കുകയും, അവിടെ ഉപേക്ഷിച്ച് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയും ചെയ്തു .
ജൂലൈ മുതൽ വിവിധ സ്പാകളിൽ ജോലി ചെയ്യാൻ നിർബന്ധിതയായ പെൺകുട്ടി, ഈ കാലയളവിൽ ലൈംഗിക ചൂഷണത്തിന് ഇരയായതായി പൊലീസ് പറഞ്ഞു . സംഭവത്തിന് പിന്നിൽ ‘സെക്സ് റാക്കറ്റ്’ പ്രവർത്തിക്കുന്നുണ്ടോ എന്നും, കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

