വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ ദമ്പതികൾക്കും രണ്ട് മക്കൾക്കുമാണ് ജീവൻ നഷ്ടമായത്. സാരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കിം ഇംഗ്ലീഷ്, ഫിലിപ്പ് ഇംഗ്ലീഷ്, അവരുടെ മക്കളായ 12 വയസ്സുള്ള കല്ലം, ഒമ്പത് വയസ്സുള്ള ജെയ്ഡൻ എന്നിവരാണ് മരിച്ചത്. 14 ഉം 6 ഉം വയസ്സുള്ള കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പെട്രോൾ ബോംബിന് സമാനമായ വസ്തുവാണ് വീട്ടിലേക്ക് എറിഞ്ഞിരിക്കുന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഫോറൻസിക് പരിശോധനയും തെളിവെടുപ്പും തുടരുന്നതിനാൽ ബിർച്ച്വുഡ് എസ്റ്റേറ്റിലെ കുടുംബ വീട് രണ്ടാം ദിവസവും അടച്ചിട്ടിരിക്കുകയാണ്.
സംഘടിത കുറ്റകൃത്യങ്ങളും മയക്കുമരുന്നുമായി ബന്ധപ്പെട്ട ഭീഷണിയുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതേ തുടർന്ന് രണ്ട് ക്രിമിനലുകളുടെ വീട്ടിൽ ആയിരുന്നു പരിശോധന.

