അനഘ പ്രകാശ്
പതിനയ്യായിരത്തിൽ ഏറെ പാട്ടുകൾ പാടി പ്രേക്ഷകരുടെ മനം കവർന്ന ഭാവഗായകൻ പി ജയചന്ദ്രൻ, 6 പതിറ്റാണ്ടുകളിലേറെയായി സംഗീത ആസ്വാദകര കീഴടക്കിയ മാന്ത്രിക ശബ്ദത്തിന്റെ ആവിഷ്കാരത്തിന് പേരുകേട്ട പിന്നണിഗായകൻ, യാത്രയായി.
കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെയാണ് സംഗീത ലോകത്തേക്കുള്ള പി ജയചന്ദ്രന്റെ ആദ്യ ചുവടുവെപ്പ്. അദ്ദേഹത്തിന്റെ ഒരു ‘മുല്ലപ്പൂ മാലയുമായി‘ എന്ന ഗാനമാണ് ആദ്യം റെക്കോർഡ് ചെയ്യപ്പെട്ടത് എങ്കിലും, 1965ൽ പുറത്തിറങ്ങിയ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി ‘ എന്ന ഗാനം ആണ് അദ്ദേഹത്തിന്റെ കരിയറിന് ബ്രേക്ക് ആയത്. ഈ ഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിച്ച്, മലയാളികളുടെ മനസ്സിൽ ഇടം നേടി. എക്കാലത്തെയും എല്ലാവരുടെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായി മാറി.
ഭാവസാന്ദ്രമായ ആലാപനത്തിന് പേരുകേട്ട ഗായകന് അവസാനം വരെ ആസ്വാദകഹൃദയങ്ങളെ ഇളക്കി വിടാൻ കഴിവുള്ള യുവത്വത്തിന്റെ ചാരുതയുണ്ടായിരുന്നു. തലമുറകളുടെ മനം കവർന്ന പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അദ്ദേഹം ഭാഷയുടെ അതിരുകൾ ലംഘിച്ച് മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ആസ്വാദകരുടെയും പ്രിയങ്കരനായി.
പ്രായത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് അവസാനം വരെയും പാട്ടിലൂടെ തന്റെ സാന്നിധ്യം സജീവമാക്കി നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രണയം മുതൽ വിരഹവും വേർപിരിയലും കോർത്തിണക്കി പാടിയ ഗാനങ്ങളാൽ ആസ്വാദകരുടെ ജീവിതത്തിൽ പ്രതിധ്വനിക്കുന്ന ശബ്ദമായി പി ജയചന്ദ്രൻ മാറിയിരുന്നു.
അസുഖ ബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു അദ്ദേഹം.
എന്നിട്ടും അവശതകളെ മറികടന്ന് പല വേദികളിലും സിനിമകളിലും അദ്ദേഹം പാടിയിരുന്നു. 2019 ൽ പുറത്തിറങ്ങിയാ അതിരൻ എന്ന ചിത്രത്തിലെ ‘ആട്ടുതൊട്ടിൽ’ എന്ന ഗാനമാണ് അദ്ദേഹം അവസാനമായി ആലപിച്ചത്.
പ്രശസ്ത സംഗീതജ്ഞൻ തൃപ്പൂണിത്തറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്ര കുഞ്ഞമ്മയുടെയും മകനായി എറണാകുളത്തെ രവിപുരത്ത് ജനിച്ച അദ്ദേഹം തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയിൽ ആണ് വളർന്നത്. കഥകളി, മൃദംഗം, ചെണ്ട ഉൾപ്പെടെയുള്ള മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്കൂൾ കാലഘട്ടങ്ങളിൽ സംഗീതത്തിനും മൃദംഗം വായനയ്ക്കും നിരവധി സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ മികച്ച സംഗീത ജീവിതത്തിന് അടിത്തറ പാകി.
എ ആർ റഹ്മാൻ, ഇളയരാജ, വിദ്യാസാഗർ, എം ജയചന്ദ്രൻ, എം എസ് വിശ്വനാഥൻ, ജി ദേവരാജൻ തുടങ്ങി നിരവധി പ്രഗൽഭരായ പല സംഗീതജ്ഞരുടെ കൂടെയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡ്, 5 കേരള സംസ്ഥാന അവാർഡുകൾ, തമിഴ്നാട് സംസ്ഥാന അവാർഡുകൾ, ജെ.സി ഡാനിയേൽ അവാർഡ് , കലൈമാമാണി അവാർഡ്, തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കി. ഇവ അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി. ഭൗതിക ലോകത്തിൽ നിന്നും വിട പറഞ്ഞെങ്കിലും , പ്രിയ ഗായകൻ പി ജയചന്ദ്രൻ ആസ്വാദകരുടെ മനസ്സിൽ ഒരായിരം പാട്ടിലൂടെ എന്നും ഓർമ്മിക്കപ്പെടും.