തൃശൂർ: ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കരൾ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 7.54ഓടെ മരണം സംഭവിക്കുകയായിരുന്നു.
അഞ്ച് ദശാബ്ദത്തിലേറെയായി മലയാള സംഗീത നൈരന്തര്യത്തിന്റെ രാജപാതയിലെ പ്രണവനാദമായി നിലകൊണ്ട ഇതിഹാസമാണ് അനശ്വരതയിൽ ലയിക്കുന്നത്. സിനിമ, ലളിതഗാന, ഭക്തിഗാന മേഖലകളിലായി പതിനാറായിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഭാവജീവൻ പകർന്നിട്ടുണ്ട്.
1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ച പി ജയചന്ദ്രൻ 1965ൽ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരന്റെ രചനയിൽ ചിദംബരനാഥ് ഈണം പകർന്ന ‘ഒരുമുല്ലപ്പൂമാലയുമായ് ‘എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മലയാള സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നത്. 1967ൽ പി ഭാസ്കരന്റെ രചനയിൽ ജി ദേവരാജന്റെ സംഗീതത്തിൽ ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടിയ ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം വഴിത്തിരിവായി.
‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഗാനത്തിലൂടെ തമിഴ് സിനിമാ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ആ നാദതരംഗം അലയൊലികൾ തീർത്തു. ആസ്വാദകന്റെ സമസ്ത വൈകാരിക തലങ്ങളെയും സ്പർശിച്ച ഭാവദീപ്തിയിലൂടെ മലയാള ഗൃഹാതുരസ്മൃതികളുടെ പര്യായമായി പി ജയചന്ദ്രൻ മാറി.
മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം അഞ്ച് തവണയും ദേശീയ പുരസ്കാരം ഒരുതവണയും പി ജയചന്ദ്രൻ സ്വന്തമാക്കി. മൃദംഗകലയിലും അഗ്രഗണ്യനായിരുന്ന ജയചന്ദ്രൻ സംസ്ഥാന യുവജനോത്സവ വേദിയിലൂടെയാണ് സംഗീത ലോകത്തിലേക്കുള്ള തന്റെ കാലാതിവർത്തിയായ പ്രയാണത്തിന് തുടക്കം കുറിച്ചത്. ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. 1994-ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരവും ജയചന്ദ്രനെ തേടിയെത്തി.
അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, പ്രായം നമ്മില്‍ മോഹം നല്കി, നിന് മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അന്വരഗാനങ്ങൾ ആ അനുഗ്രഹീത കണ്ഠത്തിലൂടെ പ്രവഹിച്ചു.
1997-ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരത്തിനും അർഹനായ പി ജയചന്ദ്രനെ 2021-ല്‍ കേരളം ജെ സി ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചു.