ഡബ്ലിൻ : വാട്ടർഫോർഡ് സ്വദേശി ഗില്ലിയൻ കറനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷാ വിധി നീതിയിലേക്കുള്ള ചുവടുവയ്പ്പാണെന്ന് ഗില്ലിയൻ കറനെയുടെ കുടുംബം . ഗാർഹിക പീഡനത്തിനിരയായ എല്ലാവരുടെയും ശബ്ദം കേൾക്കപ്പെടുന്നുണ്ടെന്നും ആരും അവഗണിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പങ്കാളിയായ 36-കാരൻ പ്രതി മാർക്കസ് ഓ നീലിന് നിർബന്ധിത ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത് . വിധി കേട്ട ശേഷം ഡബ്ലിനിലെ ക്രിമിനൽ കോടതിക്ക് പുറത്തുവെച്ചാണ് കറൻ കുടുംബം ഇക്കാര്യത്തിൽ പ്രതികരിച്ചത്.
47-കാരിയായ കറനെ, 2025 ജനുവരി 25-ന് രാവിലെ നീലിന്റെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു . ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. കറനുമായി ഓ നീൽ ഏറെ നാളായി പ്രണയബന്ധത്തിലായിരുന്നു. ഓബ്രിയൻ സ്ട്രീറ്റിലെ വീട്ടിൽ ഓ നീലിനൊപ്പം സ്ഥിരമായി കറൻ താമസിച്ചിരുന്നില്ലെങ്കിലും, ഇടയ്ക്കിടെ വരാറുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ കൗൺസിൽ കോണർ ഓ ഡോഹെർട്ടി പറഞ്ഞു. 2025 ജനുവരി 24-ന് രാത്രിയും അത്തരത്തിൽ നീലിനെ കാണാനെത്തിയ കറൻ അടുത്ത ദിവസം കൊല്ലപ്പെടുകയായിരുന്നു.

