ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ ഇനി പ്രതിഷേധങ്ങൾ അനുവദിക്കില്ല. പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കുമുള്ള നിശ്ചിത വേദികളായി മൂന്ന് പുതിയ സ്ഥലങ്ങൾ ഡൽഹി പൊലീസ് പ്രഖ്യാപിച്ചു.
രാംലീല മൈതാനം, ബുരാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവ പ്രകടനങ്ങൾക്കും റാലികൾക്കുമായി വിട്ടു നൽകാനാണ് തീരുമാനം. പാറ്റാ പാർട്ടിയും, ഇൻഡി മുന്നണിയും നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ചിന് മുന്നോടിയായാണ് ഈ നടപടി.
ജന്തർ മന്തറിൽ നിന്ന് യഥാക്രമം 3 കിലോമീറ്റർ, 13.5 കിലോമീറ്റർ, 44 കിലോമീറ്റർ എന്നിങ്ങനെയാണ് ഈ മൂന്ന് സ്ഥലങ്ങളിലേക്കുള്ള ദൂരം. ജന്തർ മന്തറിനെ പ്രതിഷേധ വേദിയായി നിശ്ചയിച്ചിരുന്ന 2022 ഏപ്രിൽ 28-ലെ മുൻ ഉത്തരവിൽ ഭാഗികമായ മാറ്റം വരുത്തിക്കൊണ്ടാണ് ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
തലസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങളെയും പ്രതിഷേധത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളുടെ ലഭ്യതയെയും ചൊല്ലി സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. അതേസമയം സമാധാനപരമായ പ്രതിഷേധങ്ങൾക്കായി ജന്തർ മന്തർ അടച്ചിട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും.

