ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി പോളണ്ടിലേക്ക് മാറ്റുമെന്ന മുന്നറിയിപ്പുമായി റയാൻഎയർ. പദ്ധതിയ്ക്ക് അനുമതി നൽകുന്നതിൽ ഐറിഷ് അധികൃതരിൽ നിന്നുണ്ടാകുന്ന കാലതാമസമാണ് വിമാനക്കമ്പനിയെ ചൊടിപ്പിച്ചത്. ഏകദേശം 50 മില്യൺ യൂറോയുടെ പദ്ധതി ആയിരുന്നു ഷാനനിൽ റയാൻഎയർ പ്രഖ്യാപിച്ചിരുന്നത്.
2027 മുതൽ 300 ബോയിംഗ് മാക്സ് 10 വിമാനങ്ങളുടെ സർവ്വീസ് ആരംഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഷാനനിൽ വികസന പദ്ധതി പ്രഖ്യാപിച്ചത്. വിമാനത്താവളത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാൻ കമ്പനി തീരുമാനിച്ചിരുന്നത്. പിന്നാലെ പദ്ധതി നടപ്പിലാക്കാൻ കമ്പനി ക്ലെയർ കൗണ്ടി കൗൺസിലിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പരിഗണിക്കാൻ കാലതാമസം വരുത്തിയ കൗൺസിൽ അപേക്ഷയിൽ കൂടുതൽ വ്യക്തത തേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പദ്ധതി പോളണ്ടിലേക്ക് മാറ്റുമെന്ന മുന്നറിയിപ്പ്.

